ശബരിമല തീർത്ഥാടകർക്ക് സമഗ്ര ഡിജിറ്റൽ സഹായം; 'ശബരി പോർട്ടൽ' നിലവിൽ
ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും പരാതി പരിഹാര മാർഗ്ഗങ്ങളും ഇനി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭിക്കും. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് 'ശബരി പോർട്ടൽ' എന്ന വെബ് അധിഷ്ഠിത സംവിധാനവും ഒരു വാട്സാപ്പ് ചാറ്റ്ബോട്ടും ഇതിനായി ഒരുക്കിയിരിക്കുന്നത്. http://www.sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ തീർത്ഥാടകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിച്ച് ഒരു ഏകീകൃത പോർട്ടൽ തയ്യാറാക്കുന്നത്. പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ അജിത് ശ്രീനിവാസ്, ലാൻഡ് റെവന്യൂ കമ്മീഷണറേറ്റിലെ റെവന്യൂ ഇൻസ്പെക്ടറായ ബി യോഗേഷ് എന്നിവരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.സന്നിധാനത്തിലെ പൂജാ സമയങ്ങളും വെർച്വൽ ക്യൂ ബുക്കിംഗിനായുള്ള നേരിട്ടുള്ള ലിങ്കുകളും ശബരി പോർട്ടലിൽ ലഭ്യമാണ്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, പോലീസ് സേവനങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവയുടെ കൃത്യമായ ലൊക്കേഷൻ ഭൂപടത്തിലൂടെ കണ്ടെത്താൻ 'ശബരി മാപ്പ്' സഹായിക്കും.