ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണത്തിൽ എറണാകുളം റെനെ മെഡിസിറ്റിക്ക് എതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിച്ചെന്നും അതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ആരോപിച്ച് പ്രീജിത്ത് എന്ന വ്യക്തി സമർപ്പിച്ച പരാതിയിലാണ് നടപടി. ഈ സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് അനന്യയുടെ വളർത്തമ്മയും സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ.
വൈകിയത് വേദനാജനകം
സത്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ ആറുമാസമെടുത്തു എന്നത് വേദനാജനകമാണ്. കാരണം സർജറിക്കുശേഷം അനന്യക്കുണ്ടായിട്ടുള്ള ആരോഗ്യപ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി പലപ്പോഴും സർക്കാരിനെ സമീപിച്ചിരുന്നു. അപ്പോഴൊന്നും വ്യക്തമായ മറുപടി തരാനോ അന്വേഷണത്തിന് ഉത്തരവിടാനോ തയ്യാറായിരുന്നില്ല. വൈകിയാണെങ്കിലും അന്വേഷണം ഇപ്പോൾ പ്രഖ്യാപിച്ചതിനെ വളരെയധികം സ്വാഗതം ചെയ്യുന്നു. ഇപ്പോഴെങ്കിലും അതിന് സന്മനസ്സു തോന്നിയ കേരള സർക്കാരിന് അഭിനന്ദനങ്ങൾ.
അനന്യയുടേത് സങ്കീർണമായ സർജറി തന്നെയായിരുന്നു. ഒരുവർഷത്തോളം അവൾ അനുഭവിച്ച ശാരീരിക മാനസിക വേദന പറഞ്ഞറിയിക്കാനാവില്ല. പക്ഷേ അതിനുള്ള പരിഹാരം എന്ന നിലയിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരു സമീപനവും ഉണ്ടായില്ല. രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടായപ്പോഴെങ്കിലും ആശുപത്രിയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിരുന്നെങ്കിൽ അനന്യ ആത്മഹത്യയിലേക്ക് പോകുമായിരുന്നില്ല.
ഒപ്പം തന്നെ ഇപ്പോഴും പലയിടങ്ങളിലും ഇത്തരത്തിൽ വേണ്ടത്ര അവബോധമില്ലാതെ സർജറികൾ നടക്കുന്നുണ്ട്. ചുമരിൽ ഒരു ചിത്രം വരയ്ക്കുന്നപോലെ അതിമനോഹരമായി ശരീരത്തിൽ മാറ്റങ്ങൾ വരുത്താം എന്നത് സാധ്യമല്ലെങ്കിലും ഇതിനെപ്പറ്റി കൃത്യമായ മാർഗനിർദേശങ്ങൾ ആശുപത്രികളുടെ ഭാഗത്ത് നിന്ന് പുറപ്പെടുവിക്കേണ്ടതാണ്. എന്താണ് സർജറി എന്നും അതിന്റെ ഭവിഷ്യത്തുകൾ എന്താണെന്നുമൊക്കെ സർജറി ചെയ്യാൻ വരുന്ന കുട്ടികൾക്ക് കൊടുക്കേണ്ടതാണ്. പലപ്പോഴും ആശുപത്രികൾ സർജറിക്കു വരൂ എന്ന് അറിയിക്കുകയും വേണ്ട അവബോധം കൊടുക്കാതെ സർജറിയിലേക്ക് കടക്കുകയുമാണ് ചെയ്യുന്നത്. മാത്രമല്ല പറഞ്ഞ പൈസയിൽ നിന്ന് സർജറിക്കുശേഷം ഭീമമായ തുക ആവശ്യപ്പെടുന്നുണ്ട്. ചിലർക്ക് റീസർജറി ആവശ്യമായി വരികയും ഇനി ചിലർക്ക് സർജറിക്കു ശേഷം അവർ ചെയ്തിരുന്ന സാധാരണ ജീവിതം നയിക്കാനാവാതെ വരികയുമൊക്കെ ചെയ്യുന്നുണ്ട്. എങ്ങനെയാണ് ഇവർ ഇതിനെയൊക്കെ അതിജീവിക്കേണ്ടത് എന്നത് സംബന്ധിച്ച് സർജറിക്ക് മുമ്പ് വ്യക്തത ലഭിക്കുന്നില്ല. ഒരു ട്രാൻസ് വ്യക്തിയെ സംബന്ധിച്ച് അവർ ആഗ്രഹിക്കുന്ന സ്വത്വത്തിൽ എത്തുക എന്നത് സ്വപ്നമാണ്. അതിനായാണ് ഇത്ര വേദനാജനകമായ സർജറിയെ സമീപിക്കുന്നത്. ഡോക്ടർമാർക്ക് കീറിമുറിക്കാനും തുന്നിക്കെട്ടാനും പഠിക്കാനുള്ള ശരീരങ്ങളല്ല ഞങ്ങളുടേത്. ഈ അടുത്ത് ഒരു ട്രാൻസ്മെന്നിന്റെ സർജറി നാലുപ്രാവശ്യം റീസർജറി ചെയ്യേണ്ടതായി വന്നു എന്നറിഞ്ഞു. അവന്റെ പ്രതീക്ഷകളെല്ലാം അസ്തമിപ്പിക്കുന്ന സമീപനമാണത്. ഇനി ജീവിക്കണോ മരിക്കണോ എന്നാണ് അവൻ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം കൂടി സർജറി പരാജയപ്പെട്ടതിനെക്കുറിച്ച് വിളിച്ചു പറഞ്ഞയാളുണ്ട്. അവരെയൊക്കെ മാനസികമായും ശാരീരികമായും സാമ്പത്തികമായുമൊക്കെ ചേർത്തുപിടിക്കാനാണ് ശ്രമിക്കുന്നത്. കാരണം ഒരുനിമിഷമൊന്നു കൈവിട്ടാൽ ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥയാണ് കുട്ടികൾക്കുള്ളത്. ആത്മഹത്യ എന്നത് ഒരു പരിഹാരമല്ല എന്ന് കുട്ടികൾ തിരിച്ചറിയണം. പോരാടാൻ ശ്രമിക്കുകയാണ് വേണ്ടത്.
അമ്മയായിട്ടും പിന്തുണച്ചില്ല എന്ന വിമർശനങ്ങൾ..
കമ്മ്യൂണിറ്റി അവൾക്കൊപ്പം നിന്നില്ല എന്നുപറയുന്നവരോട് ഒന്നും പറയാനില്ല. കാരണം ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് എന്റെ വീട്ടിലാണ് വന്നത്. റീസർജറി ചെയ്യുന്നതിനെക്കുറിച്ച് ഞാനാണ് പറഞ്ഞത്. അതിനുവേണ്ട ഫണ്ടിനെപ്പറ്റിയും മറ്റും സംസാരിച്ചിരുന്നു. എന്ത് ബുദ്ധിമുട്ടു വന്നാലും എന്നോടാണ് പങ്കുവെക്കേണ്ടത് എന്നാണ് പറഞ്ഞിരുന്നത്. ഒരിക്കൽപ്പോലും അവൾ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല, കാരണം അത്ര ബോൾഡ് ആയ കുട്ടിയായിരുന്നു. പിന്നെ അവളെ ഞാൻ പിന്തുണച്ചോ ഇല്ലയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. അവൾക്കറിയാം ഞാനവളെ എത്ര പിന്തുണച്ചിരുന്നുവെന്ന്. അതുകൊണ്ടാണല്ലോ എന്റെ വീടിന്റെ തൊട്ടടുത്തു തന്നെ വീട് വാടകയ്ക്കെടുത്തത്. എന്റെ വീട്ടിൽ നിന്ന് അഞ്ഞൂറു മീറ്റർ ദൂരമോ അങ്ങോട്ടുണ്ടായിരുന്നുള്ളു. വീട്ടിലേക്ക് താമസം മാറാനുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്റെ മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവൾ തന്നെയായിരുന്നു. എന്നാലാവും വിധം അവളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
സർജറി ചെയ്യാൻ ഇരിക്കുന്നവരോട്?
സർജറി എന്നത് അവനവന്റെ സ്വപ്നമാണ്. പക്ഷേ അതിനു മുമ്പ് കൃത്യമായ പഠനം നടത്തേണ്ടതുണ്ട്. ശരീരത്തിലെ പ്രധാനപ്പെട്ട ഒരുഭാഗമാണ് നീക്കം ചെയ്യുന്നത്. അതിലൂടെ ഭാവിയിൽ ശാരീരികമായി നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ പരിചരണം പ്രധാനമാണ്. സർജറിക്കു ശേഷം മരുന്നുകൾ, ശുചിത്വം, ഭക്ഷണം, ഉറക്കം, വസ്ത്രം എന്നിവയിലൊന്നും വിട്ടുവീഴ്ച ചെയ്യരുത്. സർജറിക്കു ശേഷം ജീവിതം എളുപ്പമാണെന്ന് ധരിക്കരുത്. സർജറി ചെയ്ത് പത്തുദിവസം കഴിയുമ്പോഴേക്കും സ്വത്വം വരിച്ചു എന്നു കരുതരുത്. സർജറി കഴിഞ്ഞ് ഒരുവർഷമെങ്കിലും കഴിഞ്ഞേ യഥാർഥ ഫലം ലഭിക്കൂ. നമ്മുടെ ശരീരമാണ്, അതിനെ നോക്കേണ്ടത് നമ്മൾ തന്നെയാണ്. ആരുടെയെങ്കിലും വാക്കുകൾ കേട്ട് ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നയിടത്ത് പോയി സർജറി ചെയ്യരുത്. വ്യക്തമായ പദ്ധതിയോടെ, പഠനത്തോടെ വേണം സർജറി തീരുമാനിക്കാൻ.
മരണത്തിന് മുമ്പ് അനന്യ മാതൃഭൂമി ഡോട്ട് കോമിനു നല്കിയ അഭിമുഖത്തിലെ ഒരു ഭാഗം
‘റിനൈ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്ജന് അര്ജുന് അശോകനാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ഭാര്യ ഡോ.സുജ സുകുമാര്‍ അവിടുത്തെ എന്‍ഡോക്രൈനോളജിസ്റ്റാണ്. അവരാണ് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് ചെയ്തത്. 2020 ജൂണ്‍ പതിനാലിനായിരുന്നു ശസ്ത്രക്രിയ. അതേസമയം തന്നെയാണ് കോട്ടയം സ്വദേശിയായ നൃത്താധ്യാപിക ഭദ്ര മലിന്റെയും ശസ്ത്രക്രിയ. രണ്ടുപേരുടെ ശസ്ത്രക്രിയ ഒരേസമയം ഒരേ തീയേറ്ററിലായിരുന്നു.
കോളണ്‍ വജൈനാ പ്ലാസ്റ്റി അഥവാ കുടലില്‍ നിന്നെടുത്ത് വജൈന ക്രിയേറ്റ് ചെയ്യുന്ന രീതിയായിരുന്നു എന്റേത്. സര്‍ജറി കഴിഞ്ഞ് ആറാംദിവസം തന്നെ ഡിസ്ചാര്‍ജ് ആയി. അപ്പോള്‍ തന്നെ പറഞ്ഞതിനേക്കാളധികം തുകയായിരുന്നു. ഏതാണ്ട് രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം കൊടുത്തു. സര്‍ജറി കഴിഞ്ഞയുടന്‍ തന്നെ ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. വീട്ടിലെത്തി നാലുമണിക്കൂറിനുള്ളില്‍ പ്രശ്നങ്ങള്‍ ഗുരുതരമായി വീണുപോയി. അതേദിവസം തന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു.
പിന്നെ ജൂലായ് രണ്ടിനാണ് ഡിസ്ചാര്‍ജ് ആവുന്നത്. അത്രയും ദിവസം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ മൂക്കിനകത്ത് ട്യൂബിട്ട അവസ്ഥയിലായിരുന്നു. സ്കാന്‍ ചെയ്തപ്പോള്‍ സര്‍ജറിയുടെ പ്രശ്നം കാരണം കുടലിനകത്ത് ആറുസ്ഥലത്ത് ഗ്യാസ് ട്രബിള്‍ ഉണ്ടായതാണ് കാരണം. വീണ്ടും എന്റെ അനുവാദമൊന്നും ചോദിക്കാതെ വയറൊക്കെ കുത്തിക്കീറി കുടലില്‍ സര്‍ജറി ചെയ്തു. ജൂലായ് മൂന്നിന് ആശുപത്രിയില്‍ നിന്ന് തിരികെയെത്തി.
പക്ഷേ എന്റെ വജൈന ഭീകരമായിരുന്നു, വെട്ടിക്കണ്ടിച്ച പോലെയാണ്. സാധാരണ വജൈന പോലെ വൃത്തിയും വെടിപ്പുമുള്ളത് സര്‍ജറി ചെയ്തെടുക്കാനൊക്കെ കഴിയും. ഈ ഡോക്ടര്‍ ഇതില്‍ വിദഗ്ധനാണെന്നും മറ്റും അറിഞ്ഞാണ് അവിടെ തന്നെ പോയത്.
എപ്പോഴും ഫ്ളൂയിഡ് വരുന്നതിനാല്‍ ഒരുദിവസം പോലും എട്ടുമുതല്‍ പന്ത്രണ്ടോളം പാഡ് മാറ്റണം. മൂത്രം പിടിച്ചു വെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ്. പരാതിയുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും പിആറില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ല. പിന്നീടൊരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ബില്ലില്‍ ക്രമക്കേട് ഉണ്ടാവുകയും അന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാരുടെ സ്തനംനീക്കല്‍ ശസ്ത്രക്രിയക്ക് ശേഷവും വളരെ മോശം രീതിയില്‍ നെഞ്ചില്‍ സര്‍ജറിയുടെ പാടുകളുമായി ജീവിക്കേണ്ടി വരുന്നവരുണ്ട്. നൂറില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം പേരുടേയും ഇങ്ങനെയാണ്. പക്ഷേ ഭയമാണ് തുറന്നുപറയാന്‍.
പച്ചമാംസം വെട്ടിക്കീറിയതുപോലെയാണ് എന്റെ വജൈന. അയാള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യം പറഞ്ഞപ്പോള്‍ പഠിച്ചിട്ട് ഒരിക്കല്‍ക്കൂടി സര്‍ജറി ചെയ്യാമെന്നാണ് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് വീണ്ടും സര്‍ജറിക്ക് അവിടെ കിടക്കുക. എന്റെ വയറിന് മുഴുവന്‍ പാടുകളാണ്. കുടലിന്റെ പ്രശ്നം കാരണം ദിവസം നാലും അഞ്ചും തവണ ടോയ്ലറ്റില് പോകണം.
മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സുകള്‍ മാതൃകയാക്കുന്ന കേരളത്തില്‍ ഇത്തരമൊരു കാര്യം നടക്കുന്നത് ലോകം അറിയണം. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞു. കെ.കെ ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തിരമായി നടപടിയെടുത്തേനെ.’
Content Highlights: transgender ananya medical negligence, ananya kumari alex surgery, sexual reassignment surgery
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.