വചനവീഥി: നൂറ്റിമുപ്പത്തിയാറാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.
നൂറ്റിമുപ്പത്തിയാറാം സങ്കീർത്തനം – ഒരു വിചിന്തനം – ശബ്ദരേഖ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
പ്രവാസാനന്തരം വിരചിതമായ ഒരു കൃതജ്ഞതാസങ്കീർത്തനമാണ് നൂറ്റിമുപ്പത്തിയാറാം സങ്കീർത്തനം. പൊതുവായ ദൈവസ്തുതിയുടെയും, ആരാധനാക്രമത്തിന്റെയും ഭാഗമായി ഉപയോഗിച്ചിരുന്ന പ്രാർത്ഥനകൾ പോലെയാണ് ഈ വരികളും കാണപ്പെടുന്നത്. ദേവാധിദേവനും ഇസ്രയേലിന്റെ കർത്താവുമായ ദൈവത്തെ സ്തുതിക്കുന്ന ഈ കീർത്തനം, പ്രതിവചനസങ്കീർത്തനത്തിന്റെ രീതിയിൽ ആലപിക്കപ്പെട്ടിരുന്ന ഒന്നാണ്. സങ്കീർത്തനത്തിന്റെ ഇരുപത്തിയാറു വാക്യങ്ങളിലും, ദൈവത്തിന് കൃതജ്ഞതയർപ്പിക്കുന്നതിനുള്ള കാരണങ്ങൾ ഗായകസംഘനേതാവ് പറയുകയും, ജനം “അവിടുത്തെ കാരുണ്യം അനന്തമാണ്” എന്ന കൃതജ്ഞതാവാക്യം ഉരുവിടുകയും ചെയ്യുന്ന ഒരു ശൈലിയാണ് നാം കാണുന്നത്.135-ആം സങ്കീർത്തനത്തിന്റെ പല വാക്യങ്ങളും ഈ സങ്കീർത്തനത്തിന്റെ വാക്യങ്ങൾക്ക് പ്രേരകമായിരുന്നു എന്ന് കാണാം. സൃഷ്ടാവും, ചരിത്രകർത്താവുമായ ദൈവമാണ് ഇസ്രയേലിന്റേത്. ഈയൊരർത്ഥത്തിൽ, സങ്കീർത്തനത്തിന്റെ നാലുമുതൽ ഇരുപത്തിയഞ്ചുവരെയുള്ള വാക്യങ്ങൾ ദൈവകരുതലിന്റെ പ്രവർത്തങ്ങളെയാണ് വിവരിക്കുന്നത് എന്ന് നമുക്ക് കാണാം. തന്റെ ജനത്തോട് ദൈവം കാണിച്ച കരുണയുടെ പ്രവൃത്തികളെ ഉദ്ധരിച്ച്, അവന്റെ അചഞ്ചലവും കരുണ നിറഞ്ഞതുമായ സ്നേഹത്തെയാണ് സങ്കീർത്തകൻ വർണ്ണിക്കുന്നത്.
ശാശ്വതമായ കരുണ ദൈവികഭാവം
നൂറ്റിമുപ്പത്തിയഞ്ചാം സങ്കീർത്തനം പോലെ ഈ സങ്കീർത്തനവും, ദൈവത്തിന്റെ നന്മയെ ഓർത്ത് അവിടുത്തെ സ്തുതിക്കുന്നു. സങ്കീർത്തനത്തിന്റെ ആദ്യ നാലുവരികൾ ഇതാണ് നമുക്ക് കാണിച്ചുതരുന്നത്: “കർത്താവിനു നന്ദി പറയുവിൻ; അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. ദേവന്മാരുടെ ദൈവത്തിനു നന്ദി പറയുവിൻ; അവിടുത്തെ കാരുണ്യം അനന്തമാണ്. നാഥന്മാരുടെ നാഥന് നന്ദി പറയുവിൻ; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് മാത്രമാണ് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നവൻ; അവിടുത്തെ കാരുണ്യം അനന്തമാണ്” (വാ. 1-4). ദൈവം നല്ലവനാണെന്നത് അടിസ്ഥാനപരമായ വസ്തുതയാണ്. അവിടുത്തെ നന്മയാണ് സ്നേഹമായി തന്റെ ജനത്തിലേക്ക് ഒഴുകുന്നത്. മറ്റു ദൈവങ്ങളെക്കാൾ ഇസ്രയേലിന്റെ കർത്താവായ ദൈവം വലിയവനാണെന്നും, അവൻ നാഥന്മാരുടെ നാഥനാണെന്നുമുള്ള ചിന്തകൾ മുൻ സങ്കീർത്തനങ്ങളിലും മറ്റു പഴയനിയമ പുസ്തകങ്ങളിലും കാണുന്ന ഒരു അടിസ്ഥാനചിന്തയോട് ചേർന്ന് പോകുന്നതാണ്. യാഹ്വെ മാത്രമാണ് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളവൻ. ശക്തിയും നന്മയും ഇസ്രയേലിന്റെ ദൈവത്തിന്റെ ഭാവങ്ങളായി സങ്കീർത്തകൻ അവതരിപ്പിക്കുന്നു. നാലാം വാക്യത്തിൽ പരാമർശിക്കുന്ന അത്ഭുതങ്ങളാണ് തുടർന്നുള്ള വാക്യങ്ങളിൽ നാം കാണുന്നത്.
ഇസ്രയേലിന്റെ ദൈവം കാരുണ്യവാനായ സൃഷ്ടാവ്
ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ കാരുണ്യത്തിന്റെ പ്രകടനമായ അത്ഭുതപ്രവൃത്തിയുടെ ഭാഗമാണ്, സൃഷ്ടികർമ്മം. സങ്കീർത്തനത്തിന്റെ അഞ്ചു മുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ സൃഷ്ടികർമ്മത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവത്തിന്റെ നന്മയും കരുതലും, കരുണയുമാണ് നമ്മോട് വെളിവാക്കുന്നത്: “ജ്ഞാനം കൊണ്ട് അവിടുന്ന് ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് സമുദ്രത്തിനുമേൽ ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. പകലിനെ ഭരിക്കാൻ അവിടുന്ന് സൂര്യനെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. രാത്രിയെ ഭരിക്കാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്” (വാ. 5-9). ഉൽപ്പത്തിപുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ കാണുന്ന സൃഷ്ടിയുടെ പ്രവൃത്തികളെ ഉദ്ധരിച്ച്, അവയെ ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ അടയാളങ്ങളായി സങ്കീർത്തകൻ അവതരിപ്പിക്കുന്നു. സ്നേഹത്താൽ സർവ്വവും സൃഷ്ടിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിന് നന്ദി പറയാതിരിക്കാനാകില്ലല്ലോ.
ഇസ്രയേലിന്റെ വിമോചകനായ ദൈവത്തിന്റെ കാരുണ്യം
പത്തുമുതൽ പതിനഞ്ചു വരെയുള്ള സങ്കീർത്തനവാക്യങ്ങൾ ഈജിപ്തിൽനിന്നുള്ള മോചനം മുതൽ മരുഭൂമിയിലെത്തിയ സമയം വരെയുള്ള ഇസ്രായേൽ ചരിത്രം വർണ്ണിക്കുകയും, തന്റെ ജനത്തെ അടിമത്തത്തിന്റെ കരങ്ങളിൽനിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ നാട്ടിലേക്ക് നടത്തുന്ന ദൈവത്തിന്റെ കാരുണ്യത്തെ വാഴ്ത്താൻ ആഹ്വാനം ചെയ്യുന്നു: “ഈജിപ്തിലെ ആദ്യജാതരെ അവിടുന്ന് സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് അവരുടെയിടയിൽനിന്ന് ഇസ്രയേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് ചെങ്കടലിനെ രണ്ടായി വിഭജിച്ചു അവിടുത്തെ കാരുണ്യം അനന്തമാണ്. അതിന്റെ നടുവിലൂടെ അവിടുന്ന് ഇസ്രയേലിനെ നടത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്. ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്ന് ചെങ്കടലിൽ ആഴ്ത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്” (വാ. 10-15). ഉൽപ്പത്തിപുസ്തകത്തിൽ സൃഷ്ടികർമ്മം വിവരിക്കുന്ന വരികളിൽനിന്ന്, പുറപ്പാടുപുസ്തകത്തിൽ ഈജിപ്തിൽ നിന്നുള്ള വിടുതലിന്റെ അനുഭവത്തിലേക്കാണ് സങ്കീർത്തനത്തിന്റെ ഈ വരികൾ നമ്മെ കൊണ്ടുവരുന്നത്. ചരിത്രത്തിന്റെ നാളുകളിലെ ദൈവത്തിന്റെ ഇടപെടലിനെ അനുസ്മരിച്ച് ദൈവത്തിന്റെ അനന്തമായ കാരുണ്യത്തെ സ്തുതിക്കുന്ന ദൈവജനം, തങ്ങളുടെ ജീവിതത്തിൽ കൂടുതൽ ദൈവശരണത്തോടെയും ഉറച്ച ബോധ്യങ്ങളോടെയുമാണ് മുന്നോട്ടുള്ള ദിനങ്ങളെ കാണുന്നത്. അടിമത്തത്തിന്റെ നാളുകൾ അവസാന നാളുകളല്ലെന്നും, ദൈവത്തിന്റെ കരുണയുണ്ടെങ്കിൽ സ്വാതന്ത്ര്യത്തിന്റെ നാളെകൾ മുന്നിലുണ്ടാകുമെന്നും വചനം നമുക്ക് ഉറപ്പ് നൽകുന്നുണ്ട്.
ഊഷരതയിൽനിന്ന് വാഗ്ദത്തനാട്ടിലേക്ക് നയിക്കുന്ന ദൈവകരുണ
ഇസ്രയേലിന്റെ ചരിത്രത്തിലൂടെ മുന്നോട്ടു നീങ്ങുന്ന സങ്കീർത്തനവരികൾ, ഫറവോയുടെ കരങ്ങളിൽനിന്ന് തന്റെ ജനത്തെ മോചിപ്പിച്ച് കടലിനക്കരെ മരുഭൂമിയിലെത്തിക്കുന്നതു മുതൽ, തേനും പാലുമൊഴുകുന്ന കാനാൻ ദേശത്തേക്ക്, പിതാക്കന്മാർക്ക് വാഗ്ദാനമായേകിയ നാട്ടിലേക്ക് തന്റെ ജനത്തെ എത്തിക്കുന്നതിലുള്ള ദൈവകരുണയാണ് വിവരിക്കുന്നത്. പതിനാറുമുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങളിലാണ് നാം ഇത് കാണുന്നത്: “തന്റെ ജനത്തെ അവിടുന്ന് മരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. മഹാരാജാക്കന്മാരെ അവിടുന്ന് സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. കീർത്തിയുറ്റ രാജാക്കന്മാരെ അവിടുന്ന് നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. അമോര്യരാജാവായ സീഹോനെ അവിടുന്ന് വധിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. ബാഷാൻ രാജാവായ ഓഗിനെ അവിടുന്ന് സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് അവരുടെ നാട് അവകാശമായി നൽകി; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിന് അത് അവകാശമായി നൽകി; അവിടുത്തെ കാരുണ്യം അനന്തമാണ്” (വാ. 16-22). ഇസ്രയേലിന്റെ മോചനത്തിലൂടെയും ദേശം അവർക്ക് അവകാശമായി നല്കുന്നതിലൂടെയും, കൂടെയുള്ള, കരുണയുടെ ദൈവമായി യാഹ്വെ തന്നെത്തന്നെ വെളിവാക്കുകയാണ്. യാത്രയിലുടനീളം, ഭക്ഷണവും, ജലവും, നേതൃത്വവും, സംരക്ഷണവും, വിജയവും, താൻ തിരഞ്ഞെടുത്ത തന്റെ ജനത്തിന്, ദൈവം കരുണയാൽ നൽകുന്നുണ്ട്. പിതാക്കന്മാർക്കു നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണവും ദൈവത്തിന്റെ അനന്തമായ കരുണയുമാണ് ഇസ്രായേൽ ജനത്തിന് ദേശം അവകാശമായി, പൈതൃകമായി നൽകുന്നതിൽ നാം കാണുക.
തുടർച്ചയായ സംരക്ഷണവും അനുസ്യൂതമൊഴുകേണ്ട നന്ദിയും
സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിലേക്കു വരുമ്പോൾ, അടിമത്തത്തിന്റെയും വിടുതലിന്റെയും ചരിത്രത്തിലൂടെ വാഗ്ദത്തനാട്ടിലെത്തിയ ഇസ്രായേലിന്, തുടർന്നും സംരക്ഷണവും വിജയവുമേകുന്ന കർത്താവിനെയാണ് നാം കാണുന്നത്. ഇരുപത്തിമൂന്നും ഇരുപത്തിനാലും വാക്യങ്ങൾ ചരിത്രത്തിലേക്ക് വീണ്ടുമൊരു തിരിഞ്ഞുനോട്ടമാണ്: “നമ്മുടെ ദുഃസ്ഥിതിയിൽ അവിടുന്ന് നമ്മെ ഓർത്തു; അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് നമ്മെ ശത്രുക്കളിൽനിന്ന് രക്ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്” (വാ. 22-24). ബാബിലോണിയയിലെ അടിമത്തകാലവും, കൂടെ നിന്ന് ജനത്തിനായി യുദ്ധം നടത്തുന്ന ദൈവത്തെയുമാണ് ഈ വരികളിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത്. “അവിടുന്ന് എല്ലാ ജീവികൾക്കും ആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്” എന്ന ഇരുപത്തിയഞ്ചാം വാക്യമാകട്ടെ, ഇന്നും തുടരുന്ന ദൈവത്തിന്റെ സംരക്ഷണവും, അവിടുന്നേകുന്ന പരിപാലനവുമോർത്ത് ദൈവത്തിന്റെ കാരുണ്യത്തിന് നന്ദി പറയാൻ ഇസ്രായേൽ ജനത്തെ ആഹ്വാനം ചെയ്യുന്നു. സങ്കീർത്തനത്തിന്റെ അവസാനവാക്യമായ ഇരുപത്തിയാറാം വാക്യമാകട്ടെ, ചരിത്രത്തിലുടനീളം തങ്ങളുടെ പിതാക്കന്മാരുടെയും തങ്ങളുടെയും കൂടെയായിരുന്ന ദൈവം, സ്വർഗ്ഗസ്ഥനായ ദൈവം കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നു. “സ്വർഗ്ഗസ്ഥനായ ദൈവത്തിന് നന്ദി പറയുവിൻ; അവിടുത്തെ കാരുണ്യം അനന്തമാണ്” (വാ. 26). ഈ ദൈവം പ്രപഞ്ചത്തിന്റെ മുഴുവൻ ദൈവമാണ്.
നൂറ്റിമുപ്പത്തിയാറാം സങ്കീർത്തനത്തിലെ ദൈവം
ഇന്നത്തെ സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ഇസ്രായേൽ ജനത്തിന്റെ ഇന്നലെകളിലും, ഇന്നുകളിലുമെന്നതുപോലെ, നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും, അർഹിക്കാത്ത കരുണയേകുന്ന ഒരു ദൈവമാണ് നമുക്കൊപ്പമുള്ളതെന്ന ചിന്ത നമ്മിൽ നിറയണം. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പാപത്തിന്റെയും അതിക്രമങ്ങളുടെയും, ദൈവനിന്ദയുടെയും പ്രവൃത്തികൾക്ക് മുന്നിലും, ദൈവം കരുണ കാണിക്കുകയും, അടിമത്തത്തിന്റെ ഈജിപ്തിൽനിന്നും, പാപപരിഹാരത്തിന്റെ മരുഭൂമിയനുഭവങ്ങളിലൂടെ അവരെ ശുദ്ധി ചെയ്ത്, ദൈവസ്നേഹത്തിന്റെ സീയോനിലേക്ക് ദൈവം എത്തിക്കുന്നത് നാം കാണുന്നുണ്ട്. ഈ സങ്കീർത്തനം നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുനർവിചിന്തനത്തിന് കാരണമാകട്ടെ. നമ്മുടെ പാപങ്ങളെക്കാളും, വീഴ്ചകളെക്കാളും, ദൈവത്തിന്റെ കരുണ വലുതാണെന്ന്, നമ്മുടെ ഇന്നലകളെയും ഇന്നുകളെയും സംരക്ഷണത്തിന്റെയും, രക്ഷയുടെയും, സ്നേഹത്തിന്റെയും, സർവ്വോപരി കരുണയുടെയും ദിനങ്ങളാക്കി മാറ്റാൻതക്ക അനന്തകാരുണ്യമാണ് ദൈവമെന്ന ബോധ്യത്തിൽ വളരാൻ ദൈവം നമ്മിലും കരുണയാകട്ടെ. അനന്തകരുണയായ ദൈവത്തെ നമുക്കും വാഴ്ത്താം.
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
vijay babu news updates, ‘നിയമത്തെ വെല്ലുവിളിക്കുന്നു’; വിജയ് ബാബുവിൻ്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ! – survivor actress in the supreme court demanding the cancellation of vijay babu’s anticipatory bail!
ജാതക ചേര്ച്ചയുണ്ടായിട്ടും മീന നോ പറഞ്ഞു! വിദ്യാസാഗറിന്റെ പ്രൊപ്പോസല് ആദ്യം നിരസിച്ചു! ഇതിലും നല്ലൊരാളെ കിട്ടില്ലെന്ന് പറഞ്ഞതോടെ മനസുമാറി! സന്തുഷ്ട കുടുംബജീവിതത്തിനിടെ അപ്രതീക്ഷിത വിയോഗം – meena rejected late husband vidyasagar s proposal first time
sidharth bharathan about jishnu, ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്? – actor sidharth bharathan s emotional talk about late actor jishnu
ജയറാമിന്റെ സഹോദരിയാണോ ഞാനെന്നായിരുന്നു പലരുടേയും ചോദ്യങ്ങള്! ഒടുവില് ആ രഹസ്യം വെളിപ്പെടുത്തി സുമ ജയറാം – actress suma jayaram talks about the most repeated question about jayaram
kalabhavan mani award, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം; ഷൈൻ ടോം ചാക്കോയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അംഗീകാരം, മികച്ച നടനായി താരം – shine tom chacko bags best actor award for kurup movie
© 2018 Malayalam News Times.