ആശാ വർക്കർമാരുടെ സമരം 36 ആം ദിവസം; ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും

രാവിലെ 9.30 ഓടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിക്കുക

Mar 17, 2025 - 12:26
 0  13
ആശാ വർക്കർമാരുടെ സമരം 36 ആം ദിവസം; ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും

തിരുവനന്തപുരത്ത് ആശവർക്കർമാർ നടത്തി വരുന്ന സമരം തിങ്കളാഴ്ച്ച 36 ആം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആശമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. രാപകൽ സമരം 36 ദിവസത്തിലേക്ക് കടക്കുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

അതേസമയം പരിശീലനത്തിൻറെ പേരിൽ എൻ.എച്ച്.എം പുറത്തിറക്കിയ ഉത്തരവ് ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ എത്തിചേരും. രാവിലെ 9.30 ഓടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിക്കുക. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും. സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടക്കുന്നത്.

സമരത്തെ നേരിടാൻ പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ അടിയന്തിര പരിപാടി പ്രഖ്യാപിച്ച് അശമാരെ സമരത്തിൽ നിന്ന് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. എൻ.എച്ച്.എമ്മിൻ്റെ പരിശീലനമാണ് ഇന്ന് സംഘടിപ്പിച്ചിട്ടുള്ളത്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും  അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ഉത്തരവുകളെല്ലാം ബഹിഷ്കരിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ എത്തിച്ചേരുമെന്ന് സമര നേതാക്കൾ പറഞ്ഞു. വടക്കൻ ജില്ലകളിൽ നിന്നുള്ളവർ 16 ന് വൈകുന്നേരം യാത്ര തിരിച്ചിട്ടുണ്ട്.

ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow