പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് പ്രധാനമന്ത്രി ഇന്ന് തിരിച്ചെത്തും

മറ്റെല്ലാം ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന് രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും

Apr 23, 2025 - 13:25
 0  33
പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് പ്രധാനമന്ത്രി ഇന്ന് തിരിച്ചെത്തും

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുകയും സന്ദർശനം വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയും ചെയ്തു. 

മറ്റെല്ലാം ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന് രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. നാളെ രാത്രിയിൽ തിരിച്ചെത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം ഇന്ത്യയിലെത്തുക.

നിലവിൽ 26 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ഇതിൽ രണ്ട് വിദേശികളുിം ഉൾപ്പെടും. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.  ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭീകരർ ആക്രമണത്തിനിടയിലും വെല്ലുവിളിക്കുകയായിരുന്നു. 

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു പ്രധാനമന്ത്രി, ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. 

"ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതാണ്," അദ്ദേഹം പറഞ്ഞു.

"ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും... അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും," അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ വെച്ച് ഒരു കൂട്ടം തീവ്രവാദികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട്, പഹൽഗാമിലെ മനോഹരമായ പുൽമേടായ ബൈസാരനിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow