വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 പേരുമായി കളക്ടർ ചർച്ച നടത്തി

ഒരാൾ മാത്രമാണ് 15 ലക്ഷം എന്ന സാമ്പത്തിക സഹായം അംഗീകരിച്ചത്.

Mar 13, 2025 - 09:47
 0  7
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 പേരുമായി കളക്ടർ ചർച്ച നടത്തി

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു സംസാരിച്ചു. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ അനുസരിച്ച് വീട് നിർമ്മാണത്തിന് വേണ്ടി 22 പേർ മാത്രമാണ് സമ്മതപത്രം നൽകിയത്. ഒരാൾ മാത്രമാണ് 15 ലക്ഷം എന്ന സാമ്പത്തിക സഹായം അംഗീകരിച്ചത്. നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ദുരന്തബാധിതരും. 

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നാണ് സർക്കാർ തീരുമാനം. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നത്. 

ടൗണ്‍ഷിപ്പിന്റെ ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രങ്ങളുടെ പരിശോധനയും സമാഹരണവും ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow