ആംബുലൻസിന് നിരക്ക് നിശ്ചയിച്ച്‌ കേരളം, മിനിമം ചാര്‍ജ് 600 മുതല്‍ 2500 വരെ, റോഡ് അപകടങ്ങളില്‍ സൗജന്യം

ഇന്ത്യയില്‍ ആദ്യമായി ആംബുലൻസുകള്‍ക്ക് താരിഫ് നിശ്ചയിച്ച്‌ കേരളം.

Sep 24, 2024 - 21:44
 0  3
ആംബുലൻസിന് നിരക്ക് നിശ്ചയിച്ച്‌ കേരളം, മിനിമം ചാര്‍ജ് 600 മുതല്‍ 2500 വരെ, റോഡ് അപകടങ്ങളില്‍ സൗജന്യം

ന്ത്യയില്‍ ആദ്യമായി ആംബുലൻസുകള്‍ക്ക് താരിഫ് നിശ്ചയിച്ച്‌ കേരളം. ആംബുലൻസുകളുടെ നിരക്കിന് ഇതുവരെ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, ആംബുലൻസ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തില്‍ മിനിമം നിരക്കും, അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.

പത്ത് കിലോമീറ്റർ വരെയുള്ള ഓട്ടത്തിനാണ് മിനിമം ചാർജ് ഈടാക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഐ.സി.യു. സംവിധാനമുള്ള എയർ കണ്ടീഷൻ ഡി-ലെവല്‍ ആംബുലൻസുകള്‍ക്ക് മിനിമം ചാർജ് 2500 രൂപയാണ്. പത്ത് കിലോമീറ്റർ കഴിഞ്ഞുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് 50 രൂപ വെച്ചാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ വെന്റിലേറ്റർ ഉള്‍പ്പെടെയുള്ള സംവിധാനമുള്ള ആംബുലൻസുകള്‍ക്ക് വെയിറ്റിങ്ങ് ചാർജായി മണിക്കൂറിന് 350 രൂപ വെച്ച്‌ ഈടാക്കാനും അനുമതി നല്‍കുന്നുണ്ട്. ആശുപത്രിയില്‍ എത്തി ആദ്യമണിക്കൂറിന് ശേഷം പിന്നീടുള്ള സമയത്തിനാണ് ഈ ചാർജ് ഈടാക്കുന്നത്.

ട്രാവലർ പോലുള്ള വാഹനങ്ങളില്‍ ഒരുങ്ങിയിട്ടുള്ള എയർ കണ്ടീഷൻ സംവിധാനവും ഓക്സിജൻ സിലണ്ടറുമുള്ള ആംബുലൻസുകളെ സി-ലെവല്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 1500 രൂപയാണ് മിനിമം ചാർജ്. ഈ തുകയില്‍ ഓടാവുന്ന കിലോമീറ്റർ 10 കിലോമീറ്റർ തന്നെയാണ്. ഇത്തരം ആംബുലൻസുകളുടെ വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ വെച്ച്‌ ഈടാക്കാനാകും. ഇത്തരം ആംബുലൻസിന് അധികം വരുന്ന കിലോമീറ്ററിന് 40 രൂപ വീതം ഈടാക്കാനാകും.

ട്രാവലർ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ തന്നെ ഒരുങ്ങിയിട്ടുള്ള നോണ്‍ എ.സി. ആംബുലൻസുകളെ ബി-ലെവല്‍ എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് മിനിമം ചാർജ് 1000 രൂപയാണ് ഈടാക്കാവുന്നത്. ഇത്തരം ആംബുലൻസുകള്‍ക്ക രണ്ടാം മണിക്കൂർ മുതല്‍ 200 രൂപ വീതം വെയിറ്റിങ് ചാർജ് കണക്കാക്കും. 10 കിലോമീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് അധികമായി നല്‍കേണ്ടത്.

മാരുതി ഓമ്നി, ഇക്കോ, മഹീന്ദ്ര ബൊലേറോ തുടങ്ങി ആർ.ടി.ഒ. അംഗീകരിച്ച മറ്റ് ചെറിയ ആംബുലൻസുകളെ എ-ലെവലായാണ് പരിഗണിക്കുന്നത്. ഇവയില്‍ എ.സി. സംവിധാനമുള്ളവയ്ക്ക് 800 രൂപയാണ് മിനിമം ചാർജ്. വെയിറ്റിങ് ചാർജ് ഒരു മണിക്കൂറിന് ശേഷം 200 രൂപ വീതും ഈടാക്കും. കൂടുതലായി വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വെച്ചാണ് അധികമായി വാങ്ങുക. ഇവയില്‍ തന്നെ എ.സി. ഇല്ലാത്ത ആംബുലൻസുകള്‍ക്ക് മിനിമം ചാർജ് 600 രൂപയാണ്. വെയിറ്റിങ് ചാർജ് 150 രൂപയും കിലോമീറ്ററിന് 20 രൂപയുമായിരിക്കും നിരക്ക്.

വെന്റിലേറ്റർ സംവിധാനമുള്ളതും എ.സിയുള്ളതുമായി ആംബുലൻസ് ബി.പി.എല്‍. കാർഡ് ഉടമകള്‍ക്ക് വേണ്ടി ഓടുകയാണെങ്കില്‍ മൊത്തനിരക്കിന്റെ 20 ശതമാനം ഇളവ് ചെയ്ത് നല്‍കാമെന്ന് ആംബുലൻസ് ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കാൻസർ രോഗികള്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ഓട്ടത്തിനും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച്‌ ഇളവ് ലഭിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. അപകടങ്ങള്‍ നടന്നാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് ആംബുലൻസുകള്‍ സൗജന്യമായി എത്തിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow