ഇന്ത്യ സഖ്യകക്ഷി എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി.

ന്യുയോർക്ക്: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കൂടിക്കാഴ്ചക്ക് ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, ഇന്ത്യയെ പങ്കാളി എന്നതിനു പകരം സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കൂടിക്കാഴ്ചക്ക് ശേഷം മാർക്കോ റുബിയോ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയെ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത്. ഇത് ഡോണൾഡ് ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇന്ത്യ – അമേരിക്ക ബന്ധം ഊഷ്മളമാകുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യമന്ത്രി എസ് ജയശങ്കറായിരുന്നു. ശേഷം വാഷിംഗ്ടണിൽ നടന്ന ക്വാഡ് കൂട്ടായ്മയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ജയശങ്കർ പങ്കെടുത്തു. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ട്രംപ് ഈ വർഷം തന്നെ എത്തുന്നതിന്‍റെ സാധ്യത വർധിപ്പിച്ചുകൊണ്ട് അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടക്കുമെന്നും യോഗം പ്രഖ്യാപിച്ചു. ഏകപക്ഷീയ നടപടികളിലൂടെ ഒരിടത്തും തൽസ്ഥിതി മാറ്റാൻ ഒരു രാജ്യവും ശ്രമിക്കരുതെന്ന മുന്നറിയിപ്പും ചൈനയ്ക്ക് കൂട്ടായ്മ നൽകി.
What's Your Reaction?






