പ്രതീക്ഷയോടെ രണ്ടാംഘട്ടം; ഷിരൂരില്‍ അര്‍ജുനായുളള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും
കർണാടക അങ്കോലയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെയും രണ്ട് കർണാടക സ്വദേശികളേയും കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.
അങ്കോല: കർണാടക അങ്കോലയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെയും രണ്ട് കർണാടക സ്വദേശികളേയും കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.
ദൗത്യ സംഘത്തിനൊപ്പം മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘവും പുഴയില്‍ തിരച്ചിലിനെത്തും. രാവിലെ എട്ട് മണിയോടെ തിരച്ചില്‍ ആരംഭിക്കാൻ കഴിയുമെന്ന് കാർവാർ എം.എല്‍.എ സതീഷ് കൃഷ്ണ സൈല്‍ പറഞ്ഞു.
ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക. തിരച്ചില്‍ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എം.പി സ്ഥിരീകരിച്ചു. ഇന്നലെ അർജുന്റെ കുടുംബത്തെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അർജുന്‍റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചില്‍ എന്ന് പുനരാരംഭിക്കുമെന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മല്‍പെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കലക്ടർ, സ്ഥലം എം.എല്‍.എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എം.പി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയും തിരച്ചില്‍ പുനരാരംഭിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തത്. ഇക്കാര്യം എം.എല്‍.യുമായി കഴിഞ്ഞദിവസം സംസാരിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അർജുന്റെ ബന്ധുക്കളെ വിവരമറിയിക്കാമെന്ന് എം.എല്‍.എ അറിയിച്ചതെന്നും വി.ഡി സതീശനും പറഞ്ഞിരുന്നു.
ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അർജുനെ കാണാതായത്. അർജുനായുള്ള തിരച്ചില്‍ ഒമ്ബതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മണ്‍കൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് രക്ഷാപ്രവർത്തനം താല്‍ക്കാലികമായി നിർത്തേണ്ടിവന്നത്.
What's Your Reaction?