കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍
നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.

സംസ്ഥാനത്ത് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.
കരട് നിയമത്തിൽ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല. യൂസര്‍ ഫീസ് എന്നാണ് കരട് നിയമത്തിൽ പരാമര്‍ശിച്ചിരിക്കുന്നത്. യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തിൽ ഇത് ടോള്‍ പോലെ നിശ്ചിത തുക വാഹനയാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും.കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്.
50 വർഷം കൊണ്ട് മുടക്കിയ പണം തിരിച്ചു കിട്ടുന്ന രീതിയിലായിരിക്കും നിരക്ക് നിശ്ചയിക്കുക. പുതിയ റോഡുകൾക്ക് മാത്രമല്ല കിഫ്‌ബി സഹായത്തോടെ നിർമാണം പൂർത്തിയായി കഴിഞ്ഞ റോഡുകൾക്കും യൂസർ ഫീ ബാധകമായിരിക്കും. 50 കോടിക്ക് മുകളിൽ എസ്റ്റിമേറ്റുള്ള റോഡുകൾക്ക് യൂസർ ഫീ ചുമത്തുമെന്നും കരട് നിയമത്തിൽ പറയുന്നുഅതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
What's Your Reaction?






