തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; 17 കാരന്റെ രണ്ട് കൈപ്പത്തികളും തകര്‍ന്നു

തിരുവനന്തപുരം മണ്ണന്തല മുക്കോലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം.

Apr 3, 2024 - 22:14
 0  4
തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; 17 കാരന്റെ രണ്ട് കൈപ്പത്തികളും തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നെടുമങ്ങാട് സ്വദേശി അനിരുദ്ധന് ഗുരുതര പരിക്കേറ്റു.

17 കാരനായ അനിരുദ്ധന്റെ രണ്ട് കൈപ്പത്തികളും തകര്‍ന്നതായാണ് വിവരം. അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മ്മാണത്തിന് മുമ്ബും കേസുണ്ട്. അനിരുദ്ധിനെ കൂടാതെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.അനിരുദ്ധന്റെ സഹോദരന്‍ അഖിലേഷ്, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഖിലേഷിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് വിവരം. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ഇവരുടെ ബോംബ് നിര്‍മ്മാണം. ഇവര്‍ക്കെല്ലാവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കിരണിന്റെ പേരില്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണ കേസുണ്ട്.

അതേസമയം പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാല് പേരും ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് എന്ന് പൊലീസ് പറഞ്ഞു. വഞ്ചിയൂരിലെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് സംഘത്തെ അന്വേഷിച്ച്‌ പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പോയിരുന്നു. ബോംബ് നിര്‍മിച്ചത് പൊലീസിനെ എറിയാനാണോ എന്നും സംശയമുണ്ട്.

മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ മുക്കോലയ്ക്കലില്‍ ഒരു പാര്‍ക്കിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം മരച്ചുവട്ടിലിരുന്ന് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. ഓട്ടോ ഡ്രൈവറോട് പാചകവാതകം ചോര്‍ന്ന് തീപിടിച്ച്‌ പൊള്ളലേറ്റു എന്നായിരുന്നു പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow