കേസില്‍ ഭയമില്ല; മോഹൻലാലിനെതിരെ തുടര്‍ പരാമര്‍ശങ്ങള്‍ നടത്തിയില്ലെന്ന് 'ചെകുത്താൻ' യൂട്യൂബര്‍
മോഹൻലാലിനെ അധിക്ഷേപിച്ച കേസില്‍ തനിക്ക് ഭയമില്ലെന്ന് ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു. താൻ ഒളിവില്‍ പോയിട്ടില്ലെന്നും രാവിലെ സ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അജു പറഞ്ഞു. എറണാകുളത്തെ റൂമില്‍ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.
എല്ലാവരും പറയുന്നത് പോലെ തനിക്ക് മോഹൻലാലിനോട് ശത്രുത ഇല്ലെന്നും ഓരോ സംഭവങ്ങള്‍ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയിട്ടില്ലെന്നും അജു കൂട്ടിച്ചേർത്തു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനൻ്റ് കേണല്‍ പദവി വഹിക്കുന്ന മോഹൻലാല്‍ പട്ടാള യൂണിഫോമില്‍ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തില്‍ പരമാർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
What's Your Reaction?