തലസ്ഥാനത്ത് കോളറ പടര്‍ന്ന് പിടിക്കുന്നു; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

Jul 10, 2024 - 00:34
 0  5
തലസ്ഥാനത്ത് കോളറ പടര്‍ന്ന് പിടിക്കുന്നു; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രാചീന കാലം മുതലേ മനുഷ്യര്‍ക്കൊപ്പം സഞ്ചരിച്ചുവരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കോളറ. ഒരു ലക്ഷത്തോളം ആളുകള്‍ എല്ലാ വര്‍ഷവും കോളറ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. ശുചിത്വ തത്ത്വങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പൂര്‍ണമായും തടയാവുന്ന ഒരസുഖമാണിത്. കോളറയെ കുറിച്ച്‌ അറിയേണ്ടത് ചുവടെ ചേര്‍ക്കുന്നു.

എന്താണ് കോളറ?

വിബ്രിയോ കോളറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണിത്. ഈ രോഗാണു പല തരത്തിലുണ്ടെങ്കിലും O1, O139 എന്നീ ഇനങ്ങളാണ് അണുബാധയുണ്ടാക്കുന്നത്. ഒഗാവ, ഇനാവ, ഹികോജിമാ എന്നീ പേരുകളിലാണ് ഇവ പൊതുവേ അറിയപ്പെടുന്നത്.

എങ്ങനെയാണ് രോഗം പകരുന്നത്?

മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്. കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കിലും രോഗവ്യാപനം ഉണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു.

രോഗലക്ഷണങ്ങള്‍ ഇവയാണ്?

രോഗാണുബാധയുണ്ടായാലും 75 ശതമാനം ആള്‍ക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ലെന്നുള്ളതാണ് വസ്തുത. ബാക്കി വരുന്ന 25-30 ശതമാനം ആളുകളില്‍ കടുത്ത ഛര്‍ദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിര്‍ജലീകരണം കാരണമുള്ള സങ്കീര്‍ണതകള്‍ നേരിടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതുമാണ് ഈ രോഗത്തെ ഇത്രയും പ്രശ്നക്കാരനാക്കുന്നത്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെയും മറ്റു ലവണങ്ങളുടെയും കുറവുമൂലം അപസ്മാരത്തിന് കാരണമായേക്കാം.

ചികിത്സാ മാര്‍ഗങ്ങള്‍

നിര്‍ജലീകരണം തടയുകയാണ് മികച്ച പ്രതിരോധമാര്‍ഗ്ഗം. ഒ.ആര്‍.എസ്. (Oral Rehydration Solution) ലായനിയാണ് എറ്റവും ഉത്തമം. ഗൃഹപാനീയങ്ങള്‍ ഉപയോഗിച്ചും രോഗബാധയില്‍ നിന്ന് രക്ഷനേടാം.

ഗൃഹപാനീയങ്ങള്‍ ഇവയാണ്...

ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം

കോളറനിയന്ത്രണ മാര്‍ഗങ്ങള്‍

ആഹാരം അടച്ചുസൂക്ഷിക്കുക. പഴകിയ ആഹാരം കഴിക്കാതിരിക്കുക

പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക

ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക

തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക

ഈച്ചശല്യം ഒഴിവാക്കുക

അടുത്തപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് ഒന്നിച്ച്‌ വയറിളക്ക രോഗലക്ഷണം കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക

What's Your Reaction?

like

dislike

love

funny

angry

sad

wow