തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കുകൂടി കോളറ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് നാലുപേര്‍ക്ക്

സംസ്ഥാനത്ത് രണ്ടുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.

Jul 10, 2024 - 23:35
 0  2
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കുകൂടി കോളറ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് നാലുപേര്‍ക്ക്
സംസ്ഥാനത്ത് രണ്ടുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ മൂന്നായി. ഈ മാസം മാത്രം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് നാലുപേർക്കാണ്.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്പെഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍ അന്തേവാസിയാണ് ഈ കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.

ആറു മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ 13 പേർ വയറിളക്കരോഗവുമായി മെഡിക്കല്‍ കോളേജിലെ ഉള്‍പ്പെടെ ചികിത്സയിലാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.

അതിനിടെ സ്വകാര്യ കെയർ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ശക്തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉള്‍പ്പെടെയുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിച്ച്‌ വിദഗ്ധപരിചരണം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow