കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; ചട്ടലംഘനം നടന്നെന്ന് റവന്യൂ വകുപ്പ്

മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ലഭ്യമായ ദൃശ്യങ്ങൾ അത്രയും പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്.

Feb 15, 2025 - 10:52
 0  8
കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; ചട്ടലംഘനം നടന്നെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും വ്യക്തമാക്കി. 

മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ലഭ്യമായ ദൃശ്യങ്ങൾ അത്രയും പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍.

തിടമ്പേറ്റി എഴുന്നള്ളി മുന്നിൽ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുൽ പോകാൻ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മിൽ സംഘർഷം ഉണ്ടാകാൻ കാരണം. ഗോകുലനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചത്. 

ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യം ആയിരുന്നു എന്നും വനംവകുപ്പ് പറയുന്നു. അതേസമയം, നാട്ടാന പരിപാലന ചട്ടത്തിന്‍റെ ലംഘനം ഉണ്ടായെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന് ചട്ടം പറയുന്നുണ്ട്. ഈ നിർദ്ദേശം ലംഘിക്കപ്പെട്ടതി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് വകുപ്പുകളും തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. അതിനിടെ, അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ  കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പൂർത്തിയായി. ഉച്ചതിരിഞ്ഞ് കൊയിലാണ്ടിയിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാര ചടങ്ങുകൾ. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ആകെ 32 പേർക്ക് ആയിരുന്നു പരിക്കേറ്റത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow