ലിയോ പതിനാലാമൻ പാപ്പായിൽ ഗാസായിലെ ജനങ്ങൾ ഒരു പിതാവിനെയാണ് കാണുന്നത്: ഫാ. റൊമനെല്ലി
ഫ്രാൻസിസ് പാപ്പായിലെന്നപോലെ, ലിയോ പതിനാലാമൻ പാപ്പായിലും പിതൃതുല്യനായ ഒരാളെയാണ് ഗാസായിലെ ജനങ്ങൾ കാണുന്നതെന്ന് ഗാസായിലെ തിരുക്കുടുംബദേവാലയം വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. സമാധാനം നഷ്ടപ്പെട്ട തങ്ങൾക്ക് പ്രത്യാശ കൂടി ഇല്ലാതാകുമെന്ന ഭയമാണ് ഇപ്പോഴുള്ളതെന്ന് കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിന് അനുവദിച്ച ഒരു സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഗാസായിൽ അക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പരിതപിച്ചു.

ഫ്രാൻസിസ് പാപ്പായ്ക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പായും ഗാസായിലെ ജനങ്ങൾക്ക് വേണ്ടി സ്വരമുയർത്തിയതിന് നന്ദി പറഞ്ഞ് ഗാസായിലെ തിരുക്കുടുംബദേവാലയം വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. കത്തോലിക്കർക്ക് മാത്രമല്ല, ഓർത്തഡോക്സ് വിശ്വാസികൾക്കും ഇസ്ലാം മതവിശ്വാസികൾക്കും ഫ്രാൻസിസ് പാപ്പായിൽ പിതൃതുല്യമായ ഒരാളെയാണ് കാണാൻ സാധിച്ചിരുന്നതെന്നും, ലിയോ പതിനാലാമൻ പാപ്പായിലും അതുതന്നെയാണ് തങ്ങൾ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാപ്പാ, പത്രോസിന്റെ പിൻഗാമിയും, സഭയുടെ പിതാവും, ഏവരുടെയും പിതാവുമാണെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിന് അനുവദിച്ച ഒരു സംഭാഷണത്തിൽ പ്രസ്താവിച്ചു.
ഭക്ഷണത്തിന്റെയോ, ശുദ്ധജലത്തിന്റെയോ, മരുന്നുകളുടെയോ അഭാവത്തെക്കാളും, തങ്ങളുടെ സുരക്ഷിതത്വത്തെക്കാളും, പ്രത്യാശ ഇല്ലാതാകുമോയെന്ന ഭയമാണ് താൻ വലുതായി കാണുന്നതെന്ന് ഫാ. റൊമനെല്ലി പറഞ്ഞു. ദുഷിച്ച ഈ യുദ്ധം എത്രയും വേഗം അവസാനിക്കുന്നതും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്ഥിതനായ ക്രിസ്തുവിന്റെ സാക്ഷികളായി ഇവിടെയുള്ള ചെറിയ ക്രൈസ്തവസമൂഹത്തിന് ഇനിയും ഈ നാട്ടിൽ സമാധാനത്തോടെ തുടരാനാകുമെന്നും, യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടവ പുനരുദ്ധരിക്കാൻ സാധിക്കുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
അവകാശങ്ങൾ നിഷേധിക്കപ്പെട്ട വസ്തുക്കളായാണ് തങ്ങൾ കരുതപ്പെടുന്നതെന്ന ഭയമാണ് ഇപ്പോൾ ജനങ്ങളെ നയിക്കുന്നതെന്ന്, ഇസ്രായേൽ ഗാസയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത് പരാമർശിച്ചുകൊണ്ട്, ഫാ. റൊമനെല്ലി അഭിപ്രായപ്പെട്ടു.
യുദ്ധകാലത്ത് തങ്ങളുടെ ഇടവകയിൽ അഭയം തേടിയവർക്ക് മാത്രമല്ല, വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, സഭയുടെയും തങ്ങളുടെ അഭ്യുദയകാംക്ഷികളുടെയും സഹായത്താൽ ഭക്ഷണവും മറ്റു വസ്തുക്കളും നൽകാൻ തങ്ങൾക്കായെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് മാസങ്ങളോളമായി പുറത്തുനിന്നുള്ള സഹായം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, അതുകൊണ്ടുതന്നെ പുറത്തുള്ളവർക്ക് സഹായമേകാൻ തങ്ങൾക്കാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസായിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. സ്‌ഫോടനങ്ങൾ സാധാരണജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ ആളുകൾ കണക്കാക്കുന്നത്ര ഭയാനകമായ അവസ്ഥയാണ് തങ്ങൾ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരങ്ങളിൽ ഫ്രാൻസിസ് പാപ്പാ തങ്ങളെ വിളിച്ചിരുന്നത് പരാമർശിച്ച ഫാ. റൊമനെല്ലി, ഇപ്പോഴും ദേവാലയത്തിൽ തങ്ങൾ വൈകുന്നേരം എട്ടിന് ദേവാലയമണി മുഴക്കാറുണ്ടെന്നും, പ്രത്യേകമായി പ്രാർത്ഥിക്കാറുണ്ടെന്നും അറിയിച്ചു. ലിയോ പതിനാലാമൻ പാപ്പായും സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിലും, ഗാസായ്ക്കുവേണ്ടി അഭ്യർത്ഥന നടത്തിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
What's Your Reaction?






