ഗാസ, വെടിനിറുത്തൽ ഉടമ്പടി പ്രത്യാശാദായകം, ഇടവക വൈദികൻ റൊമനേല്ലി

വെടിനിറുത്തൽ പകരുന്ന പ്രത്യാശയും യുദ്ധാനന്തര കാലഘട്ടത്തിൻറെ ദുഷ്കര പാതയെക്കുറിച്ചുള്ള ആശങ്കയും പങ്കുവച്ച് ഗാസയിലെ ഇടവക വൈദികൻ.

Jan 20, 2025 - 10:43
 0  11
ഗാസ, വെടിനിറുത്തൽ ഉടമ്പടി പ്രത്യാശാദായകം, ഇടവക വൈദികൻ റൊമനേല്ലി

ഇസ്രായേലും ഹമാസും താല്ക്കാലിക വെടിനിറുത്തൽ കരാർ അംഗീകരിച്ച വാർത്ത പ്രത്യാശാദായകമെന്ന് ഗാസയിലെ തിരുക്കുടുംബ ഇടവകവികാരി ഗബ്രിയേൽ റൊമനേല്ലി.

ഫീദേസ് പ്രേഷിതവാർത്താ ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ  ഈ പ്രതികരണം.  ഇത് നവജീവനും പ്രത്യാശയും പകരുന്നുവെങ്കിലും യുദ്ധാനന്തര കാലഘട്ടം ഭീകരമായിരിക്കുമെന്ന ആശങ്കയും ഫാദർ റൊമനേല്ലി പ്രകടപ്പിച്ചു. താല്ക്കാലിക വെടിനിറുത്തലുണ്ടാകുമെന്ന വാർത്തയ്ക്കു ശേഷവും ആക്രമണങ്ങളും മരണങ്ങളും ഉണ്ടായതിലും തൻറെ ആശങ്ക അദ്ദേഹം രേഖപ്പെടുത്തി.

പ്രാർത്ഥനയിൽ ശരണം വച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഫാദർ റൊമനേല്ലി തങ്ങൾ മൂന്നും നാലും മണിക്കൂറുകൾ ദേവാലയത്തിൽ ചിലവഴിക്കാറുണ്ടെന്നും അതുപോലെതന്നെ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുടുംബങ്ങൾക്കും ആവശ്യത്തിലിരിക്കുന്ന എല്ലാവർക്കും  സാധ്യമായതൊക്കെ ചെയ്തുകൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദൈവസഹായത്തോടെ ആ പ്രവർത്തനം തങ്ങൾ തുടരുമെന്നും പറഞ്ഞു.

ഇസ്രായേലിൻറെ സുരക്ഷാകാര്യമന്ത്രിസഭാസമിതി വെടിനിറുത്തലിന് അംഗീകാരം നലകി. സമ്പൂർണ്ണ മന്ത്രിസഭയുടെ അംഗീകാരം കൂടിലഭിക്കുന്നതോടെ ഞായറാഴ്ച (19/01/25) ഉടമ്പടി പ്രാബല്യത്തിലാകും.

മൂന്നു ഘട്ടമായിട്ടായിരിക്കും കരാർ നടപ്പാക്കപ്പെടുക. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ ഹമാസും ഇസ്രായേലും ബന്ദികളെ വിട്ടയയ്ക്കും. ഇസ്രായേലി സേന ജനവാസ മേഖലകളിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. അനുദിനം 600 ലോറി സഹായവസ്തുക്കൾ ഗാസയിലേക്കു കടത്തിവിടും. ഗാസനിവാസികൾക്ക് സ്വഭവനങ്ങളിലേക്കു മടങ്ങാൻ സാധിക്കും. രണ്ടാം ഘട്ടത്തിൽ താല്ക്കാലിക വെടിനിറുത്തൽ സ്ഥിര വെടിനിറുത്തലാക്കും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ ഭരണത്തിനായി പ്രത്യേക സമിതി നിലവിൽ വരുകയും അന്താരാഷ്ട്രസഹായത്തോടെ ഗാസയുടെ പുനരുദ്ധാരണ പ്രക്രിയ നടപ്പിലാക്കുകയും ചെയ്യും

What's Your Reaction?

like

dislike

love

funny

angry

sad

wow