ജാക്കിന്റെ കുരകേട്ട് ചെന്നു; തര്‍ക്കത്തിനൊടുവില്‍ വിനോദിന് ക്രൂരമര്‍ദനം, കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ചു

ഉറങ്ങാൻപോകും മുൻപ് പ്രിയപ്പെട്ട വളർത്തുനായ ജാക്കിനെ അടുത്തുനിർത്തി വീട്ടുവളപ്പില്‍നിന്നുകൊണ്ട് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു വിനോദ്.

Apr 3, 2024 - 06:20
 0  4
ജാക്കിന്റെ കുരകേട്ട് ചെന്നു; തര്‍ക്കത്തിനൊടുവില്‍ വിനോദിന് ക്രൂരമര്‍ദനം, കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ചു

കൊച്ചി: ഉറങ്ങാൻപോകും മുൻപ് പ്രിയപ്പെട്ട വളർത്തുനായ ജാക്കിനെ അടുത്തുനിർത്തി വീട്ടുവളപ്പില്‍നിന്നുകൊണ്ട് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു വിനോദ്.

അത് പക്ഷേ എന്നേക്കുമുള്ള ഉറക്കത്തിന്റെ തുടക്കമായി മാറുകയായിരുന്നു. കുരച്ച നായയെ ചെരിപ്പെറിഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മർദനമേറ്റ് മരിച്ച ഹൈക്കോടതി ഡ്രൈവർ ടി.ബി. വിനോദ് അതീവ ഗുരുതരാവസ്ഥയില്‍ ആറുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്.

പോലീസ് പറയുന്നതനുസരിച്ച്‌ വിനോദിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന തപാല്‍വകുപ്പ് ജീവനക്കാരായ ഇതര സംസ്ഥാനക്കാർ നായയെ ചെരിപ്പെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. നായയെ ഉപദ്രവിച്ചതിനെ വിനോദ് ചോദ്യം ചെയ്തു. ഇതോടെ തർക്കമായി. പ്രതികളിലൊരാളായ അശ്വിനി കോക്കർ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തില്‍ കൈകൊണ്ട് ചുറ്റിപ്പിടിക്കുകയും മറ്റുള്ളവർ അടിക്കുകയും വയറില്‍ ഇടിക്കുകയും ചെയ്തു. ശ്വാസം കിട്ടാതെ മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍നിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമർത്തി. വിനോദ് ബോധരഹിതനായതോടെ നാലുപേരും കടന്നുകളഞ്ഞു.

ബന്ധുക്കള്‍ പങ്കുവെച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ: വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന മൂന്നുപേരും ജർമൻഷെപ്പേഡ് ഇനത്തില്‍ പെട്ട ജാക്കിന് പരിചിതരാണ്. അവരെ കണ്ടാല്‍ കുരയ്ക്കില്ല. പക്ഷേ, സംഭവ ദിവസം അവർക്കൊപ്പം ഹോളി ആഘോഷിക്കാൻ വന്ന നാലാമതൊരാളുണ്ടായിരുന്നു. ഈ അപരിചിതനെക്കണ്ടാണ് ജാക്ക് കുരച്ചത്.

വിനോദ് അപ്പോള്‍ വീടിന്റെ മതിലിനു പുറത്തുനിന്ന സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ജാക്കിന്റെ കുരകേട്ട് മുന്നോട്ടു നടന്ന നാല്‍വർ സംഘം പെട്ടെന്ന് പ്രകോപിതരായി ചെരിപ്പെറിയുകയായിരുന്നു. വിനോദിന്റെ സുഹൃത്ത് അപ്പോഴേക്കും സംസാരം നിർത്തി മടങ്ങിയിരുന്നു. വഴിയിലേക്കിറങ്ങിവന്ന വിനോദ് ചെരിപ്പെറിഞ്ഞതിനെ ചോദ്യം ചെയ്തപ്പോള്‍ നാലുപേരും ചേർന്ന് വെളിച്ചമില്ലാത്ത ഇടത്തേക്ക് വലിച്ചുകൊണ്ടുപോയി ആക്രമിച്ചു.

തിരിഞ്ഞുനോക്കിയപ്പോള്‍ വിനോദിനെ കാണാതിരുന്ന സുഹൃത്ത് ഓടിവന്നപ്പോള്‍ നാലുപേരും ചേർന്ന് കഴുത്തില്‍ അമർത്തിപ്പിടിച്ച്‌ മർദിക്കുന്നതാണ് കണ്ടത്. വിനോദിന്റെ ഭാര്യ സിന്ധുവും ബഹളം കേട്ട് ഓടിയെത്തി. സിന്ധു പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും അപ്പോഴേക്കും വിനോദ് ബോധരഹിതനായിരുന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.

കഴുത്ത് ഞെരിച്ചതിനെത്തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻപ്രവാഹം തടസ്സപ്പെട്ടതാണ് സ്ഥിതി വഷളാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിനോദിന്റെ ജീവൻ വെന്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്.

വിനോദിന് കുടുംബാംഗത്തെപ്പോലെയായിരുന്നു ജാക്ക്. പ്രിയപ്പെട്ട നായയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിറയെ. 'എന്റെ വീടിന്റെ സംരക്ഷകൻ' എന്നാണ് ജാക്കിന്റെ ഒരു ചിത്രത്തിനു നല്‍കിയ തലവാചകം.

25 വർഷമായി ഹൈക്കോടതിയില്‍ ജോലിചെയ്യുന്ന വിനോദ് ജിം പരിശീലകൻ കൂടിയാണ്. മകൻ ദേവേശ്വറിന് ചൊവ്വാഴ്ച ബി.കോമിന്റെ അവസാന പരീക്ഷയാണ്. അതുകൊണ്ടാണ് വിനോദിന്റെ ശവസംസ്കാരച്ചടങ്ങ് വൈകുന്നേരത്തേക്കാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow