ഹജ്ജിന് സമാരംഭമായി; അറഫസംഗമം ഇന്ന്

പ്രപഞ്ചനാഥന്‍റെ വിളിക്കു പ്രത്യുത്തരം നല്‍കി 'ലബ്ബൈക്' മന്ത്രങ്ങളുമായി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നെത്തിയ തീർഥാടകലക്ഷങ്ങള്‍ മിനാ തമ്ബുനഗരിയെ മന്ത്രമുഖരിതമാക്കി ഈ വർഷത്തെ ഹജ്ജ് കർമങ്ങള്‍ക്ക് തുടക്കമായി.

Jun 15, 2024 - 11:01
 0  5
ഹജ്ജിന് സമാരംഭമായി; അറഫസംഗമം ഇന്ന്

ക്ക: പ്രപഞ്ചനാഥന്‍റെ വിളിക്കു പ്രത്യുത്തരം നല്‍കി 'ലബ്ബൈക്' മന്ത്രങ്ങളുമായി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നെത്തിയ തീർഥാടകലക്ഷങ്ങള്‍ മിനാ തമ്ബുനഗരിയെ മന്ത്രമുഖരിതമാക്കി ഈ വർഷത്തെ ഹജ്ജ് കർമങ്ങള്‍ക്ക് തുടക്കമായി.

20 ലക്ഷത്തിലേറെ ഹാജിമാർ ഹജ്ജിന്‍റെ സുപ്രധാനചടങ്ങിനായി ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി.

അറഫ സംഗമത്തിലെ സാന്നിധ്യം ഹജ്ജിന്‍റെ പ്രധാന ചടങ്ങായതിനാല്‍ ഇന്നു പകല്‍മുഴുവൻ അറഫയിലെ തുറന്ന മൈതാനിയില്‍ കഴിച്ചുകൂട്ടാനായി വെള്ളിയാഴ്ച രാത്രിതന്നെ ഹാജിമാർ മിനായില്‍ നിന്നു നീങ്ങിത്തുടങ്ങിയിരുന്നു. മധ്യാഹ്ന മുതല്‍ സൂര്യാസ്തമനം വരെ അകമഴിഞ്ഞ പ്രാർഥനകളും അനുഷ്ഠാനങ്ങളുമായി അവർ അറഫയില്‍ സമ്മേളിക്കും. നമിറാ പള്ളിയില്‍ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെ നിശ്ചിതചടങ്ങുകള്‍ക്ക് പ്രാരംഭം കുറിക്കും. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ച്‌ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അല്‍മുഅയ്ഖില്‍ അറഫാ പ്രഭാഷണം നിർവഹിക്കും. മലയാളമുള്‍പ്പെടെ 50 ലോക ഭാഷകളില്‍ ഇത് വിവർത്തനം ചെയ്യപ്പെടും. തുടർന്ന് ളുഹ്ർ, അസ്ർ നമസ്കാരങ്ങള്‍ ചുരുക്കി ഒരുമിച്ച്‌ നമസ്കരിക്കും. സൂര്യാസ്തമയത്തോടെ തീർഥാടകർ രാപാർപ്പിനായി മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ വിശ്രമിച്ചശേഷം ഞായറാഴ്ച പുലർച്ച വീണ്ടും മിനായിലെത്തും. തുടർന്ന് ജംറയില്‍ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാകും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങള്‍ പൂർത്തിയാക്കുക.

ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നേരിട്ട് മേല്‍നോട്ടം വഹിക്കാനായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാൻ പുണ്യനഗരത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നെത്തിയ ഒന്നേ മുക്കാല്‍ ലക്ഷം ഹാജിമാർക്ക് അറഫ സംഗമത്തിനുള്ള സജ്ജീകരണങ്ങള്‍ മിനായിലും അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. അറഫയില്‍ മശാഇർ റെയില്‍വേ രണ്ടാം നമ്ബർ സ്റ്റേഷൻ പരിസരത്താണ് ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. വെള്ളിയാഴ്ച രാത്രി മുതല്‍ ഇന്ത്യൻ തീർഥാടകർ അറഫയിലേക്ക് പുറപ്പെട്ടുതുടങ്ങിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow