ഡിജെ പാർട്ടികൾക്ക് മാത്രം എന്തിന് നിയന്ത്രണം?: ചോദ്യങ്ങളുമായി ഹൈക്കോടതി
ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലിസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാർട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലായെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊച്ചിയിൽ ഡിജെ പാർട്ടികൾ നിയന്ത്രിച്ച് കൊണ്ട് പൊലിസ് പുറത്തിറക്കിയ സർക്കുലർ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉയർത്തിയത്.