പോസ്റ്റല്‍ വകുപ്പിന്റെ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ സന്നിധാനത്ത് ആരംഭിച്ചു
ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്സൽ ബുക്കിംഗ് സൗകര്യവും ആരംഭിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ അനുഭവം മികച്ചതാക്കുന്നതിനു്ള്ള ശ്രമമാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് കെ.ജയകുമാർ വ്യക്തമാക്കി.സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയക്കാൻ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാർസലായി ബുക്ക് ചെയ്യാം.