കുവൈത്ത് തീപ്പിടുത്തം: 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍, കര്‍ശന നടപടിയെന്ന് അധികൃതര്‍

കുവൈത്ത് തീപ്പിടുത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്.

Jun 20, 2024 - 11:44
 0  8
കുവൈത്ത് തീപ്പിടുത്തം: 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍, കര്‍ശന നടപടിയെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടുത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈത്ത് പൗരനുമാണ് പിടിയിലായിരിക്കുന്നത്.

ജൂലൈ 12 ന് മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തില്‍ ഉണ്ടായ വൻ തീപിടിത്തത്തില്‍ 46 ഇന്ത്യക്കാർ ഉള്‍പ്പെടെ 50 പേരായിരുന്നു മരണപ്പെട്ടത്. ഇതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരേയും തിരിച്ചറിയാന്‍ സാധിച്ചു. ഒരു മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിലുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. കെട്ടിടത്തില്‍ താമസിച്ചിരുന്ന 196 കൂടിയേറ്റ തൊഴിലാളികളില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു.

"അല്‍-മംഗഫ് കെട്ടിടത്തിന് തീപിടിച്ച കേസുമായി ബന്ധപ്പെട്ട് ഒരു കുവൈറ്റ് പൗരനെയും മൂന്ന് ഇന്ത്യൻ പൗരന്മാരെയും നാല് ഈജിപ്ഷ്യൻ പൗരന്മാരെയും രണ്ടാഴ്ചത്തേക്ക് തടങ്കലില്‍ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്," ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കുവൈത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, തീപ്പിടുത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സർക്കാറും തീരുമാനിച്ചിട്ടുണ്ട്. പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധനമായി നല്‍കാനാണ് തീരുമാനം. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്ബോള്‍ ഏകദേശം 12.5 ലക്ഷം രൂപയോളം വരും ഇത്. ധനസഹായം മരണമടഞ്ഞ രാജ്യക്കാരുടെ എംബസികള്‍ വഴിയാകും വിതരണം ചെയ്യുക. മംഗഫ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാൻ അമീർ ഷെയ്ഖ് മിഷ്‌അല്‍ അല്‍ അഹമദ് അസ്സബാഹ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാല്‍ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല.

അപകടത്തില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉള്‍പ്പെടെ 49 പേരാണ് മരണമടഞ്ഞത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേർ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്. തീപ്പിടുത്തതിന്റെ പശ്ചാത്തലത്തില്‍ ലേബർ ക്യാംമ്ബുകളില്‍ കുവൈത്ത് അധികൃതർ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കുവൈത്ത് അപകടത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. 'കുവൈറ്റിലെ മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുമ്ബില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ 46 പേരും ഇന്ത്യാക്കാരായിരുന്നു. നിരവധി സ്വപ്നങ്ങളുമായാണ് നമ്മുടെ സഹോദരങ്ങള്‍ പ്രവാസം തിരഞ്ഞെടുത്തത്. ആ സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാതെ, പകുതിവഴിയില്‍ ദുരന്തത്തിനു മുന്നില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് കീഴടങ്ങേണ്ടി വന്നു എന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.' മുഖ്യമന്ത്രി അനുശോചന പ്രസംഗത്തില്‍ പറഞ്ഞു.

നമ്മുടെ നാടിന്റെയാകെ പുരോഗതിക്കും മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തിനു പ്രവാസികളില്‍ നിന്ന് വേറിട്ട ഒരു നിലനില്‍പ്പില്ല. പ്രവാസജീവിതം ഇന്ന് നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. ആഗോള സാമ്ബത്തിക പ്രതിസന്ധിയും, യുദ്ധാന്തരീക്ഷവും, മാറിവരുന്ന കുടിയേറ്റ നിയമങ്ങളും പ്രവാസജീവിതത്തെ കഠിനമാക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെക്കൂടി അതിജീവിച്ചാണ് തങ്ങളുടെ കുടുംബത്തിന്റെയും നാടിന്റെയും ഭാവി ശോഭനമാക്കാന്‍ നമ്മുടെ പ്രവാസി സഹോദരങ്ങള്‍ കഠിന പ്രയത്നം ചെയ്തുവരുന്നത്. അക്കൂട്ടത്തിലുള്ളവരാണ് അഗ്നിബാധമൂലമുണ്ടായ ദുരന്തത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow