തൃശൂർ ബാങ്ക് കവർച്ച: പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം; സിസിടിവി ദൃശ്യത്തിന് പിന്നാലെ പോലീസ്

മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു

Feb 15, 2025 - 10:50
 0  4
തൃശൂർ ബാങ്ക് കവർച്ച: പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം; സിസിടിവി ദൃശ്യത്തിന് പിന്നാലെ പോലീസ്

ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം എറണാകുളത്തേയ്ക്ക് വ്യാപിപ്പിച്ച് പോലീസ്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്നാണ് പോലീസിന്‍റെ നിഗമനം. അങ്കമാലിയിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് ഉള്ളതെന്നാണ് വിവരം. ഇയാള്‍ എറണാകുളം ഭാഗത്തേക്ക് പോയെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നുള്ള സൂചന.

ആലുവ, അങ്കമാലി, എറണാകുളം എന്നീ നഗരപരിധിയിലും അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 10 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ കൊച്ചിയിൽ പറഞ്ഞു. എടിഎമ്മിൽ നിന്ന് എടുത്തുവെച്ച പണമാണ് നഷ്ടമായത്.  

കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും ഡിഐജി പറ‍ഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow