ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

രാജ്യത്ത് ഏക സിവില്‍ കോഡ് ഉടൻ നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രയും വേഗം പ്രയോഗത്തില്‍ വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

Oct 31, 2024 - 21:44
 0  20
ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

രാജ്യത്ത് ഏക സിവില്‍ കോഡ് ഉടൻ നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രയും വേഗം പ്രയോഗത്തില്‍ വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

'രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളുമെല്ലാം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഇത് ശക്തമാക്കും. രാജ്യത്തെ വിഭങ്ങളില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രിക്കുന്നത്. യൂണിഫോം സിവില്‍കോഡ് എന്നതിലൂടെ ഒരു മതേതര സിവില്‍കോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്' - പ്രധാനമന്ത്രി പറഞ്ഞു.

'അർബൻ നക്സലുകള്‍' ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. 'ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിച്ച്‌ അർബൻ നക്സലുകള്‍ ഇന്ത്യൻ ജനതയെ വിഭജിക്കാൻ ശ്രമിക്കുന്നു. വനങ്ങള്‍ കേന്ദ്രീകരിച്ച്‌ നിലയുറപ്പിച്ചിരുന്ന ആയുധധാരികളുടെ നക്സലിസം അവസാനിപ്പിച്ചുകൊണ്ടുവരാൻ നമുക്കായി. എന്നാല്‍ അപ്പോഴാണ് അർബൻ നക്സലുകളുടെ വരവ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം.' മോദി പറഞ്ഞു.

‌ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിള്‍ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് മോദി പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച്‌ ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകള്‍ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow