'നമ്മുടെ ഒന്നിച്ചുള്ള യാത്ര': മോദിക്ക് ഓര്‍മ്മപ്പുസ്തകം സമ്മാനിച്ച് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ഓര്‍മ്മപ്പുസ്തകം' സമ്മാനമായി നല്‍കി

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ഓര്‍മ്മപ്പുസ്തകം' സമ്മാനമായി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ അടങ്ങിയ ഫോട്ടോ പുസ്തകമാണ് മോദിക്കായി ട്രംപ് സമ്മാനിച്ചത്.
'നമ്മുടെ ഒന്നിച്ചുള്ള യാത്ര'' (Our Journey Together) എന്ന പുസ്തകത്തിന്റെ ഒപ്പുവച്ച പകര്‍പ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ട്രംപ് കൈമാറി. വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അമേരിക്കയില്‍ ട്രംപ് അധികാരമേറ്റ നാള്‍ മുതല്‍ മോദിയുമായി നടത്തിയ എല്ലാ കൂടിക്കാഴ്ചകളുടെയും ചിത്രങ്ങളടങ്ങുന്ന ഫോട്ടോബുക്ക് ആണ് അദ്ദേഹം മോദിക്ക് സമ്മാനിച്ചത്.
2019 സെപ്റ്റംബറില്‍ മോദി അമേരിക്കയിലെത്തിയപ്പോള്‍ സംഘടിപ്പിച്ച 'ഹൗഡി മോഡി' ചടങ്ങിന്റെ ചിത്രങ്ങളും 2020ല്‍ ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ നടന്ന 'നമസ്‌തേ ട്രംപ്' ചടങ്ങിലെ ഓര്‍മകളും ഫോട്ടോബുക്കിലുണ്ട്.
Mr Prime Minister, you are great എന്നെഴുതി ഒപ്പുവച്ചതിന് ശേഷമാണ് ട്രംപിന്റെ ഫോട്ടോപുസ്തകം മോദിക്ക് സമ്മാനിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്റെ ദീര്‍ഘകാല സുഹൃത്താണ് മോദിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ്ഹൗസില്‍ ഗംഭീര സ്വീകരണം നല്‍കിയ ട്രംപിന് കൃതജ്ഞത അറിയിച്ച മോദി അമേരിക്കന്‍ പ്രസിഡന്റിനെ അഭിനന്ദിക്കുകയും ചെയ്തു.
What's Your Reaction?






