ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമ്മാണം; ചരിത്ര സംരക്ഷണ ഗ്രൂപ്പ് കേസ് കൊടുത്തു, നിർമ്മാണം തടയണം എന്നാവശ്യം

ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമ്മാണം; ചരിത്ര സംരക്ഷണ ഗ്രൂപ്പ് കേസ് കൊടുത്തു, നിർമ്മാണം തടയണം എന്നാവശ്യം

പ്രസിദ്ധീകരിച്ചത്: 13 Dec, 2025
ഷെയർ ചെയ്യുക:

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ പുതിയ ബോൾറൂം നിർമ്മാണ പദ്ധതിക്കെതിരെ നിയമനടപടിയുമായി ചരിത്ര സംരക്ഷണ ഗ്രൂപ്പ് രംഗത്ത്. 300 മില്യൺ ഡോളർ (ഏകദേശം 2500 കോടി രൂപ) ചെലവ് വരുന്ന ഈ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് 'നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ' എന്ന സംഘടന ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.

വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ ചരിത്രപരമായ 'ഈസ്റ്റ് വിംഗ്' പൊളിച്ചുമാറ്റിയാണ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുതിയ 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബോൾറൂമിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ, രാജ്യത്തിന്റെ ചരിത്രപരമായ കെട്ടിടങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ പാലിക്കേണ്ട നിയമപരവും പാരിസ്ഥിതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

 

നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് പദ്ധതിക്ക് കോൺഗ്രസിന്റെ അംഗീകാരവും സമഗ്രമായ ഡിസൈൻ അവലോകനങ്ങളും പാരിസ്ഥിതിക വിലയിരുത്തലുകളും പൊതുജന അഭിപ്രായ രൂപീകരണവും നടത്തേണ്ടതുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റുന്നതിന് മുൻപ് തന്നെ ഈ നടപടികൾ പൂർത്തിയാക്കേണ്ടതായിരുന്നു എന്നും അവർ വാദിക്കുന്നു. ഏതൊരു പ്രസിഡന്റിനും വൈറ്റ് ഹൗസിന്റെ ഭാഗങ്ങൾ യാതൊരു അവലോകനവുമില്ലാതെ പൊളിച്ചുനീക്കാൻ നിയമപരമായി കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.