ബിബിസിക്കെതിരെ ട്രംപിന്റെ 10 ബില്യൺ ഡോളർ കേസ്; പ്രസിഡന്റ് ചെയ്തത് ശരിയെന്ന് വ്ളാഡിമിർ പുടിൻ

ബിബിസിക്കെതിരെ ട്രംപിന്റെ 10 ബില്യൺ ഡോളർ കേസ്; പ്രസിഡന്റ് ചെയ്തത് ശരിയെന്ന് വ്ളാഡിമിർ പുടിൻ

പ്രസിദ്ധീകരിച്ചത്: 20 Dec, 2025
ഷെയർ ചെയ്യുക:

തന്റെ പ്രസംഗം തെറ്റായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ വമ്പൻ മാനനഷ്ടക്കേസിനെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. മോസ്കോയിൽ നടന്ന തന്റെ വാർഷിക വാർത്താ സമ്മേളനത്തിലാണ് പുടിൻ ട്രംപിന്റെ നിലപാടിനെ അനുകൂലിച്ച് സംസാരിച്ചത്.

 

ബിബിസിയെപ്പോലെയുള്ള മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ട്രംപ് നിയമപോരാട്ടം നടത്തുന്നത് തികച്ചും ന്യായമാണെന്നും പുടിൻ അഭിപ്രായപ്പെട്ടു.

2021 ജനുവരി 6-ലെ ട്രംപിന്റെ പ്രസംഗത്തിലെ വരികൾ കൂട്ടിച്ചേർത്ത് അദ്ദേഹം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയതാണ് വിവാദമായത്. ഇതിനെതിരെ 10 ശതകോടി ഡോളർ (ഏകദേശം 84,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് ഫ്ലോറിഡ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

 

ബിബിസി ഇതിനോടകം തന്നെ എഡിറ്റിംഗിൽ പിശക് സംഭവിച്ചതായി സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബിബിസി ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ രാജിവെക്കേണ്ടി വരികയും ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിബിസി പുറത്തുവിട്ട ഈ വീഡിയോ രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഈ വിവാദത്തിൽ ട്രംപിന്റെ പക്ഷം ചേർന്ന പുടിൻ, പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പരിഹസിച്ചു.