മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു; ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺഗ്രസ്
ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺഗ്രസ്. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നുമാണ് വിമർശനം. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശനമുന്നയിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും കുടുംബം തകര്‍ത്ത് സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്നാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ടു മക്കളെയും തന്നെയും വേര്‍പിരിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരു നല്ല മനുഷ്യനും കുടുംബനാഥനുമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഞങ്ങളെ യോജിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു