അമേരിക്കയിൽ ടിക് ടോക് നിരോധനം ഒഴിവായി; ഒറാക്കിളും സിൽവർ ലേക്കും ഉൾപ്പെടുന്ന പുതിയ സംയുക്ത സംരംഭം പ്രവർത്തനം ആരംഭിച്ചു

അമേരിക്കയിൽ ടിക് ടോക് നിരോധനം ഒഴിവായി; ഒറാക്കിളും സിൽവർ ലേക്കും ഉൾപ്പെടുന്ന പുതിയ സംയുക്ത സംരംഭം പ്രവർത്തനം ആരംഭിച്ചു

പ്രസിദ്ധീകരിച്ചത്: 24 Jan, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ ടിക് ടോക് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ആപ്പിന്റെ നിരോധനം ഒഴിവാക്കാനുള്ള അന്തിമ കരാർ യാഥാർത്ഥ്യമായി. വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ടിക് ടോക് അമേരിക്കയിൽ പുതിയൊരു ഉടമസ്ഥാവകാശ ഘടനയിലേക്ക് മാറുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലായിരുന്ന ടിക് ടോക് ഇനി മുതൽ ഭൂരിഭാഗവും അമേരിക്കൻ നിക്ഷേപകരുടെ നിയന്ത്രണത്തിലുള്ള സംയുക്ത സംരംഭമായി പ്രവർത്തിക്കും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ചരിത്രപരമായ നീക്കത്തെ സ്വാഗതം ചെയ്യുകയും ടിക് ടോക്കിനെ താൻ രക്ഷിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സഹകരണത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ടിക് ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വർ എൽഎൽസി എന്ന പേരിൽ പുതിയ കമ്പനി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.

 

ഈ പുതിയ കരാർ പ്രകാരം അമേരിക്കൻ സോഫ്റ്റ്‌വെയർ ഭീമന്മാരായ ഒറാക്കിൾ കോർപ്പറേഷൻ, സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള എംജിഎക്സ് എന്നിവർക്ക് 15 ശതമാനം വീതം ഓഹരികൾ ഉണ്ടാകും. ബൈറ്റ് ഡാൻസിന് ഈ പുതിയ സംരംഭത്തിൽ 19.9 ശതമാനം ഓഹരി പങ്കാളിത്തം മാത്രമേ ഇനി അവശേഷിക്കൂ. ബാക്കിയുള്ള ഓഹരികൾ മറ്റ് ആഗോള നിക്ഷേപകർക്കാകും ലഭിക്കുക.