അമേരിക്ക വിടുന്നവർ ജാഗ്രതൈ; എക്സിറ്റ് ട്രാക്കിംഗ് ശക്തമാക്കി ട്രംപ് ഭരണകൂടം, ഗ്രീൻ കാർഡ് ഉടമകൾ ആശങ്കയിൽ
അമേരിക്കയിൽ നിന്ന് പുറത്തേക്ക് പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന എക്സിറ്റ് ട്രാക്കിംഗ് സംവിധാനം ട്രംപ് ഭരണകൂടം ശക്തമാക്കുന്നു. നിയമങ്ങൾ കർശനമാക്കിയതോടെ വിദേശയാത്രയിലുള്ള ഗ്രീൻ കാർഡ് ഉടമകൾ കൂട്ടത്തോടെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. രാജ്യം വിട്ടുപോകുന്നവരുടെ ഓരോ നീക്കവും നിരീക്ഷിക്കാനുള്ള പുതിയ നിർദ്ദേശങ്ങളാണ് അധികൃതർക്ക് നൽകിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ദീർഘകാലം വിദേശത്ത് താമസിക്കുന്ന ഗ്രീൻ കാർഡ് ഉടമകളുടെ പദവി റദ്ദാക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇത് ലക്ഷ്യമിട്ടാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിരിക്കുന്നത്.
സാധാരണയായി ഗ്രീൻ കാർഡ് ഉടമകൾ ഒരു വർഷത്തിൽ കൂടുതൽ അമേരിക്കയ്ക്ക് പുറത്ത് താമസിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ പുതിയ സാഹചര്യത്തിൽ ആറുമാസത്തിൽ കൂടുതൽ പുറത്ത് നിൽക്കുന്നത് പോലും സുരക്ഷിതമല്ലെന്ന് കുടിയേറ്റ നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പലരും പ്രയാസപ്പെടുന്നുണ്ട്.