ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള 600 ദശലക്ഷം ഡോളറിന്റെ ആരോഗ്യ ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം

ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള 600 ദശലക്ഷം ഡോളറിന്റെ ആരോഗ്യ ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം

പ്രസിദ്ധീകരിച്ചത്: 10 Feb, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള പബ്ലിക് ഹെൽത്ത് ഗ്രാന്റുകളിൽ 600 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) കുറവ് വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. കാലിഫോർണിയ, ഇല്ലിനോയിസ്, മിനസോട്ട, കൊളറാഡോ എന്നീ സംസ്ഥാനങ്ങളെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. വൈറ്റ് ഹൗസിന്റെ മുൻഗണനകളുമായി ഈ സംസ്ഥാനങ്ങൾ സഹകരിക്കാത്തതാണ് ഫണ്ട് വെട്ടിക്കുറയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വഴിയുള്ള ഫണ്ടുകളാണ് റദ്ദാക്കുന്നത്

സംസ്ഥാനങ്ങളിലെ പാഴായ ചിലവുകളും കെടുകാര്യസ്ഥതയും ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വക്താക്കൾ വിശദീകരിക്കുന്നു. എന്നാൽ രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു. ആരോഗ്യ മേഖലയിലെ ഈ വലിയ സാമ്പത്തിക നിയന്ത്രണം പ്രാദേശിക ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കും. സാംക്രമിക രോഗ പ്രതിരോധം, കുട്ടികൾക്കുള്ള ആരോഗ്യ പദ്ധതികൾ എന്നിവയെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം ഫെഡറൽ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഗതാഗത മേഖലയിൽ ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന 943 ദശലക്ഷം ഡോളറും നേരത്തെ റദ്ദാക്കിയിരുന്നു. ഫെഡറൽ ഫണ്ടുകൾ ഉപയോഗിക്കുന്നതിൽ സംസ്ഥാനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. മിനസോട്ട പോലുള്ള സംസ്ഥാനങ്ങളിൽ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നതായും ആരോപണമുണ്ട്.