ജെഫ്രി എപ്സ്റ്റീന്റേത് തൂങ്ങിമരണമല്ല, ശ്വാസം മുട്ടിച്ചുള്ള കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പത്തോളജിസ്റ്റ്
ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമാണെന്ന വാദവുമായി പ്രശസ്ത ഫോറൻസിക് പത്തോളജിസ്റ്റ് ഡോ. മൈക്കൽ ബാഡൻ വീണ്ടും രംഗത്തെത്തി. എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന ഔദ്യോഗിക റിപ്പോർട്ടുകളെ തള്ളിക്കളയുന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എപ്സ്റ്റീന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ താൻ നേരിട്ട് കണ്ട കാര്യങ്ങൾ ശ്വാസം മുട്ടിച്ചുള്ള കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു
കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞ രീതി പരിശോധിക്കുമ്പോൾ ഇത് തൂങ്ങിമരണമായി കാണാൻ കഴിയില്ലെന്നാണ് ഡോ. ബാഡന്റെ പക്ഷം. എപ്സ്റ്റീന്റെ കഴുത്തിലെ ഹൈയോയ്ഡ് അസ്ഥി ഉൾപ്പെടെ മൂന്ന് അസ്ഥികൾക്ക് ഒടിവുണ്ടായിരുന്നു. തന്റെ 50 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ തൂങ്ങിമരിച്ച ഒരാളിൽ ഇത്തരത്തിൽ മൂന്ന് അസ്ഥികൾ ഒടിയുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പുറത്തുനിന്നുള്ള കടുത്ത സമ്മർദ്ദം മൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ ന്യൂയോർക്കിലെ അതീവ സുരക്ഷാ ജയിലിലാണ് എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് ന്യൂയോർക്ക് മെഡിക്കൽ എക്സാമിനർ ആത്മഹത്യയാണെന്ന് വിധി എഴുതിയെങ്കിലും തുടക്കം മുതൽ തന്നെ വിവാദങ്ങൾ നിലനിന്നിരുന്നു. എപ്സ്റ്റീന്റെ കുടുംബം നിയമിച്ച നിരീക്ഷകനായാണ് ഡോ. മൈക്കൽ ബാഡൻ പോസ്റ്റ്‌മോർട്ടം നടപടികളിൽ പങ്കെടുത്തത്. വർഷങ്ങൾക്കിപ്പുറവും തന്റെ നിഗമനങ്ങളിൽ മാറ്റമില്ലെന്ന് അദ്ദേഹം പുതിയ അഭിമുഖത്തിൽ വ്യക്തമാക്കി.
.