തെറ്റായി നാടുകടത്തി; കോളേജ് വിദ്യാർത്ഥിനിയെ രണ്ടാഴ്ചയ്ക്കകം തിരികെ എത്തിക്കാൻ അമേരിക്കൻ സർക്കാരിനോട് കോടതി
കോടതി ഉത്തരവ് ലംഘിച്ച് ഹോണ്ടുറാസിലേക്ക് നാടുകടത്തിയ കോളേജ് വിദ്യാർത്ഥിനിയെ തിരികെ അമേരിക്കയിൽ എത്തിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് ബോസ്റ്റൺ ഫെഡറൽ കോടതി കർശന നിർദ്ദേശം നൽകി. 19 വയസ്സുകാരിയായ ആനി ലൂസിയ ലോപ്പസ് ബെല്ലോസയെ രണ്ടാഴ്ചയ്ക്കകം യുഎസിൽ എത്തിക്കാനാണ് ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് ഉത്തരവിട്ടത്. കഴിഞ്ഞ നവംബറിൽ താങ്ക്സ്ഗിവിംഗ് അവധിക്ക് നാട്ടിലേക്ക് പോകവെ ബോസ്റ്റൺ എയർപോർട്ടിൽ വെച്ചാണ് ഈ വിദ്യാർത്ഥിനി പിടിയിലായത്.
ബാബ്സൺ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ആനിയെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ അവളെ ഹോണ്ടുറാസിലേക്ക് അയച്ചത്. ഈ നടപടി ഭരണകൂടം വരുത്തിയ ഗുരുതരമായ തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. വരുത്തിയ പിഴവ് തിരുത്താനുള്ള സമയം സർക്കാരിന് നൽകിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇപ്പോൾ കോടതി നേരിട്ട് ഉത്തരവിട്ടത്.
തങ്ങൾ വരുത്തിയ തെറ്റ് ഗവൺമെന്റ് സമ്മതിച്ച സ്ഥിതിക്ക് അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി. എക്സിക്യൂട്ടീവ് വിഭാഗം സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം കോടതി വിധി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആനിയെ തിരികെ എത്തിക്കാനാവില്ല എന്ന സർക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.