അമേരിക്ക യൂറോപ്പിന്റെ കുഞ്ഞ്; അറ്റ്ലാന്റിക് സഖ്യം തകരില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

അമേരിക്ക യൂറോപ്പിന്റെ കുഞ്ഞ്; അറ്റ്ലാന്റിക് സഖ്യം തകരില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

പ്രസിദ്ധീകരിച്ചത്: 15 Feb, 2026
ഷെയർ ചെയ്യുക:

അമേരിക്ക യൂറോപ്പിന്റെ മകനാണെന്നും ഇരുവശവും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് ട്രാൻസ് അറ്റ്ലാന്റിക് ബന്ധങ്ങളിലെ ആശങ്കകൾക്കിടയിലും ഐക്യത്തിന്റെ സന്ദേശവുമായി റുബിയോ എത്തിയത്. യൂറോപ്പിനെ ഒറ്റപ്പെടുത്തുകയല്ല, മറിച്ച് ഒന്നിച്ച് നിൽക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടുകളിൽ ആശങ്കയിലായിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് റുബിയോയുടെ പ്രസംഗം ആശ്വാസകരമായിരുന്നു. ഉക്രെയ്ൻ യുദ്ധം മുതൽ അന്താരാഷ്ട്ര വ്യാപാരം വരെയുള്ള വിഷയങ്ങളിൽ അമേരിക്ക തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യൂറോപ്പ്. പ്രസംഗത്തിന്റെ അവസാനം സദസ്സ് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

 

എങ്കിലും, റുബിയോയുടെ പ്രസംഗത്തിൽ വ്യക്തമായ ഉറപ്പുകളോ റഷ്യയെക്കുറിച്ചുള്ള പരാമർശങ്ങളോ ഇല്ലാതിരുന്നത് ചില സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ വർഷം നടത്തിയ കടുത്ത പ്രസംഗത്തേക്കാൾ സൗമ്യമായ സമീപനമാണ് റുബിയോ സ്വീകരിച്ചതെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ അടിസ്ഥാന നയങ്ങളിൽ മാറ്റമില്ലെന്ന വിലയിരുത്തലുമുണ്ട്.