ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്
പ്രസിദ്ധീകരിച്ചത്: 17 Feb, 2026
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം മറ്റൊരു വലിയ അംഗീകാരം കൂടി തേടിയെത്തി. 2025-ലെ ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ (ISWOTY) പുരസ്കാരത്തിനാണ് സ്മൃതി അർഹയായത്.ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ രണ്ടാം തവണയും ഡബ്ല്യുപിഎൽ കിരീടത്തിലേക്ക് നയിച്ചതിലും വഹിച്ച നിർണ്ണായക പങ്കാണ് താരത്തെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ചെസ്സ് താരം ദിവ്യ ദേശ്മുഖ്, ഷൂട്ടർ സുരുചി സിംഗ്, തടസ്സയോട്ട താരം ജ്യോതി യർരാജി എന്നിവരെ പിന്നിലാക്കിയാണ് 29-കാരിയായ സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള സ്മൃതി വീഡിയോ സന്ദേശത്തിലൂടെയാണ് പുരസ്കാരത്തിന് നന്ദി അറിയിച്ചത്.