മൂന്നാം ലോകത്തെ അന്യഗ്രഹജീവികൾ; ടെക്സസിലെ ഹനുമാൻ പ്രതിമയ്‌ക്കെതിരെ മഗ (MAGA) നേതാവിന്റെ വംശീയ പരാമർശം വിവാദത്തിൽ
അമേരിക്കയിലെ ടെക്സസിലുള്ള ഹനുമാൻ പ്രതിമയ്‌ക്കെതിരെ മഗ (MAGA) പ്രവർത്തകനും റിപ്പബ്ലിക്കൻ പാർട്ടി അനുഭാവിയുമായ കാർലോസ് ടർസിയോസ് നടത്തിയ വിവാദ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ 90 അടി ഉയരമുള്ള പവിത്രമായ ഹനുമാൻ പ്രതിമയെ മൂന്നാം ലോകത്തെ അന്യഗ്രഹജീവികളുടെ കടന്നുകയറ്റം (Third World Aliens Invasion) എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) പ്രതിമയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇയാൾ ഈ വംശീയ അധിക്ഷേപം നടത്തിയത്.
"ഇത് ഇസ്ലാമാബാദോ ന്യൂഡൽഹിയോ അല്ല, ടെക്സസാണ്. മൂന്നാം ലോകത്തെ അന്യഗ്രഹജീവികൾ പതുക്കെ അമേരിക്കയെ കൈക്കലാക്കുകയാണ്. ഈ അധിനിവേശം നിർത്തുക" എന്നതായിരുന്നു ടർസിയോസിന്റെ പ്രകോപനപരമായ കുറിപ്പ്. ഇതിനെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹവും ഹൈന്ദവ സംഘടനകളും ശക്തമായി രംഗത്തെത്തി. ക്ഷേത്രം സ്വകാര്യ ഭൂമിയിലാണെന്നും ഭക്തരുടെ പണം ഉപയോഗിച്ചാണ് നിർമ്മിച്ചതെന്നും ഭരണഘടനാപരമായ മതസ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്നും ഇന്ത്യൻ വംശജർ തിരിച്ചടിച്ചു. എച്ച്-1 ബി (H-1B) വിസ വഴി എത്തുന്ന ടെക് തൊഴിലാളികളെയും ഇയാൾ മുൻപ് അപമാനിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ടീമിൽ വിവേക് രാമസ്വാമി, തുളസി ഗബ്ബാർഡ്, കാഷ് പട്ടേൽ, ഉഷ വാൻസ് തുടങ്ങിയ ഹൈന്ദവ വിശ്വാസികളായ പ്രമുഖർ ഉണ്ടെന്നിരിക്കെ, ട്രംപ് അനുകൂലികളിൽ നിന്ന് തന്നെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ വരുന്നത് ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഹനുമാൻ പ്രതിമ ഒരു സമാധാന ചിഹ്നമാണെന്നും സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമാണെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി. നേരത്തെ അലക്സാണ്ടർ ഡങ്കൻ എന്ന മറ്റൊരു നേതാവും ഈ പ്രതിമയെ വ്യാജ ദൈവം എന്ന് വിളിച്ച് അപമാനിച്ചിരുന്നു.