ഇറാന്റെ മിസൈൽ വർഷത്തിന് മറുപടിയായി ടോമാഹോക്കുകളും ബങ്കർ ബസ്റ്ററുകളും പ്രയോഗിച്ച് അമേരിക്കയും ഇസ്രായേലും
പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ ഏറ്റവും ഭീകരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലും അമേരിക്കയും അത്യാധുനിക ആയുധങ്ങളുമായി തിരിച്ചടി തുടങ്ങി. അമേരിക്കയുടെ വിനാശകാരികളായ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളും ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ പതിച്ചു
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലകളിലും സൈനിക താവളങ്ങളിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ ഭൂഗർഭ മിസൈൽ സംഭരണശാലകളെയും ആണവ കേന്ദ്രങ്ങളെയുമാണ് ബങ്കർ ബസ്റ്ററുകൾ പ്രധാനമായും ലക്ഷ്യം വെച്ചത്. ഇറാന്റെ ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നാവികസേനയുടെ കപ്പലുകളിൽ നിന്നാണ് ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കപ്പെട്ടത്.