പാകിസ്ഥാനുമായി മികച്ച ബന്ധമെന്ന് ട്രംപ്; താലിബാൻ പ്രകോപനത്തിൽ ഇസ്‌ലാമാബാദിന് യുഎസ് പിന്തുണ
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ, പാകിസ്ഥാനെയും അവിടുത്തെ ഭരണനേതൃത്വത്തെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പാകിസ്ഥാനുമായി തനിക്ക് "വളരെ മികച്ച" ബന്ധമാണുള്ളതെന്നും അവിടുത്തെ പ്രധാനമന്ത്രിയെയും സൈനിക ജനറലിനെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ തയ്യാറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.പ്രസിഡന്റിന് പിന്നാലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. അഫ്ഗാൻ അതിർത്തിയിലെ സംഘർഷത്തിൽ പാക് വിദേശകാര്യ സെക്രട്ടറി അംന ബലോച്ചുമായി സംസാരിച്ച അണ്ടർ സെക്രട്ടറി ആലിസൺ എം. ഹുക്കർ, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. താലിബാൻ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഹുക്കർ അറിയിച്ചു.