ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക്; പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 200 കടന്നു
ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം ഇരുന്നൂറിലധികം ആയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ വിവിധ മേഖലകളിൽ നടന്ന ഇറാന്റെ പ്രത്യാക്രമണങ്ങളിലാണ് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും നിസ്സാര പരിക്കുകളോടെ ഇതിനകം തന്നെ ജോലിയിൽ തിരികെ പ്രവേശിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പരിക്കേറ്റ 200 സൈനികരിൽ 180 പേരും വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്ന് സൈനിക വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു. എന്നാൽ പത്ത് സൈനികരുടെ പരിക്ക് ഗുരുതരമാണെന്നും അവർക്ക് മികച്ച ചികിത്സ നൽകി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ, ഇസ്രായേൽ തുടങ്ങിയ ഏഴ് രാജ്യങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴ് പേർ ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിലും ആറ് പേർ ഇറാഖിലുണ്ടായ വിമാനാപകടത്തിലുമാണ് മരിച്ചത്. സൈനിക താവളങ്ങൾക്ക് നേരെയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാകുന്നത്.