സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം: മധ്യസ്ഥ ചർച്ച പരാജയം; നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം: മധ്യസ്ഥ ചർച്ച പരാജയം; നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം

പ്രസിദ്ധീകരിച്ചത്: 26 Mar, 2026
ഷെയർ ചെയ്യുക:

 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതായി റിപ്പോർട്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആശുപത്രി മാനേജ്മെന്റുകളും തമ്മിലായിരുന്നു ചര്‍ച്ച. ഇതോടെ നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു

ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്നും സംഘടന വ്യക്തമാക്കി. ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച. മാർച്ച് ആദ്യവാരം മുതൽ തന്നെ സ്വകാര്യ മേഖലയിലെ നഴ്സുമാർ സമരത്തിലായിരുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യമുയർത്തിയാണ് സമരം ആരംഭിച്ചത്. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സമരം താൽക്കാലികമായി പിൻവലിച്ച് മധ്യസ്ഥ ചർച്ചകൾക്ക് വഴിയൊരുക്കുകയായിരുന്നു.

 

പല ഘട്ടങ്ങളിലായി നടത്തിയ ചർച്ചകളിൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും 40,000 രൂപ അടിസ്ഥാന ശമ്പളം നൽകാമെന്ന ധാരണയിലെത്തിയെങ്കിലും, ചില ആശുപത്രികൾ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് പുതിയ മധ്യസ്ഥ ശ്രമവും പരാജയപ്പെട്ടത്.

.