വയനാട് ദുരന്ത ബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമാണം വൈകുന്നു
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണം വൈകുന്നു. തറക്കല്ലിടൽ കഴിഞ്ഞ് ഒരു മാസമായിട്ടും ഭവന പദ്ധതിക്ക് നിർമാണ അനുമതി തേടിയുള്ള അപേക്ഷ പോലും പഞ്ചായത്തിൽ കോൺഗ്രസ് സമർപ്പിച്ചിട്ടില്ല.
നിലവിൽ വീട് നിർമാണത്തിനായി മൂന്നേകാൽ ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. 100 പേർക്ക് വീട് നൽകും എന്നായിരുന്നു വാഗ്ദാനം. വരുന്ന ഓഗസ്റ്റ് മാസത്തിനകം ആദ്യഘട്ട നിർമാണം പൂർത്തിയാക്കി 50 വീടുകൾ കൈമാറുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.ഭവന നിർമാണ പദ്ധതി വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, മുസ്ലീം ലീഗിൻ്റെ വീട് നിർമാണം ഏറ്റെടുത്ത നിർമ്മാണ കൺസ്ട്രക്ഷൻ കമ്പനിയെ കരാർ ഏൽപ്പിച്ചുവെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.കോൺഗ്രസിൻ്റെ വാഗ്ദാനമനുസരിച്ച് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച 50 വീടുകൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം പോലും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഏറ്റെടുത്ത മൂന്നേകാൽ ഏക്കർ ഭൂമിയിൽ 50 വീടുകൾ നിർമിച്ചു നൽകുക എന്നത് പ്രയോഗികമല്ല.