പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചത് അസം സ്വദേശി നൂറുൽ ഹുസൈൻ
പെരുമ്പാവൂരിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുൽ ഹുസൈൻ ആണ് മരിച്ചത്. ഇയാളെ പ്രതികൾ ഓടിച്ചിട്ട് പിടികൂടി താമസമുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചതായാണ് പൊലീസ് പറയുന്നത്. നൂറുലിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ അലാവുദീൻ, മിനാറുൾ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി മുസമ്മിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ചാണ് സംഘം ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറി മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൂറുലിനെ പിടികൂടി മർദിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.