ജന്മനാൽ പൗരത്വം: ട്രംപിന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിയേക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി

ജന്മനാൽ പൗരത്വം: ട്രംപിന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിയേക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി

പ്രസിദ്ധീകരിച്ചത്: 02 Apr, 2026
ഷെയർ ചെയ്യുക:

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം നൽകുന്ന 'ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്'  നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയേക്കുമെന്ന് സൂചന.

 

ബുധനാഴ്ച നടന്ന രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ, കോടതിയിലെ ഭൂരിഭാഗം ജഡ്ജിമാരും ട്രംപിന്റെ നീക്കത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കൾക്കും വിസയിൽ താൽക്കാലികമായി എത്തുന്നവരുടെ മക്കൾക്കും പൗരത്വം നൽകുന്നത് നിർത്തലാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. 'ബർത്ത് ടൂറിസം' തടയാനും നിയമവിരുദ്ധ കുടിയേറ്റം നിയന്ത്രിക്കാനുമാണ് ഈ നീക്കമെന്ന് ഗവൺമെന്റ് അഭിഭാഷകൻ ഡി. ജോൺ സൗവർ കോടതിയിൽ വാദിച്ചു.

അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം അമേരിക്കയിൽ ജനിക്കുന്ന ഏതൊരാൾക്കും പൗരത്വത്തിന് അർഹതയുണ്ട്. 1898-ലെ ചരിത്രപ്രധാനമായ 'വോങ് കിം ആർക്ക്' (Wong Kim Ark) കേസ് വിധി ഇതിന് അടിവരയിടുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

 ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ഉൾപ്പെടെയുള്ളവർ ട്രംപിന്റെ വാദങ്ങളെ ചോദ്യം ചെയ്തു. ലോകം മാറിയെങ്കിലും നമ്മുടെ ഭരണഘടന ഒന്നുതന്നെയാണെന്ന് റോബർട്സ് ഓർമ്മിപ്പിച്ചു. ജസ്റ്റിസ് നീൽ ഗോർസച്ച്, ജസ്റ്റിസ് ബ്രെറ്റ് കവനോ എന്നിവരും ഭരണഘടനയുടെ വ്യക്തമായ അർത്ഥത്തെയും മുൻകാല വിധിന്യായങ്ങളെയും ഉയർത്തിപ്പിടിച്ചു.

 

025 ജനുവരി 20-ന് ട്രംപ് ഒപ്പിട്ട ഈ ഉത്തരവ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതിനോടകം പല ഫെഡറൽ കോടതികളും ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് സ്റ്റേ ചെയ്തിട്ടുണ്ട്.