ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും

ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും

പ്രസിദ്ധീകരിച്ചത്: 06 Apr, 2026
ഷെയർ ചെയ്യുക:

ഇറാൻ - അമേരിക്ക യുദ്ധം പുതിയ ഭീകരതയിലേക്ക് നീങ്ങുകയാണ്. തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം നടന്നത്. ഇവിടെ മിസൈൽ പതിച്ചതിനെത്തുടർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

ഇസ്‌ലാംഷർ, ക്യൂം എന്നിവിടങ്ങളിലും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്‌ലാംഷറിൽ മാത്രം 13 പേർ മരിച്ചതായാണ് വിവരം. ജനവാസ മേഖലകളിൽ പോലും ബോംബുകൾ പതിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇറാൻ ഇസ്രായേലിന് നേരെയും മിസൈലുകൾ തൊടുത്തുവിട്ടു.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമണം ശക്തമായത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.