നോയിഡയിലെ തൊഴിലാളി സമരം; പാകിസ്താൻ ബന്ധം അന്വേഷിക്കുന്നു, 300 പേർ അറസ്റ്റിൽ
നോയിഡയിൽ തൊഴിലാളികൾ നടത്തുന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങൾ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്‌ഭർ. സംഭവത്തിൽ പാകിസ്താൻ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. മേഖലയിൽ നിന്ന് അടുത്തിടെ നടന്ന ഭീകരബന്ധമുള്ള അറസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ മുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമങ്ങൾ നടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുമായി ബന്ധമുള്ള നാല് ഭീകരവാദികളെ അടുത്തിടെ നോയിഡയിൽ നിന്നും മീററ്റിൽ നിന്നും പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്‌ഭർ വ്യക്തമാക്കി.