ഇറാനിലെ യുറേനിയം പുറത്തെത്തിക്കുക അസാധ്യം
ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ അമേരിക്കയുമായി കരാറിലെത്തിയാൽ പോലും, ആ ആണവവസ്തുക്കൾ രാജ്യത്തിന് പുറത്തെത്തിക്കുക എന്നത് ചർച്ചകളേക്കാൾ വലിയ വെല്ലുവിളിയാകുമെന്ന് റിപ്പോർട്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ യുറേനിയം നീക്കമായിരിക്കും ഇതെന്നാണ് മുൻ ഉദ്യോഗസ്ഥരെയും ആണവ വിദഗ്ദ്ധരെയും ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ (WSJ) റിപ്പോർട്ട് ചെയ്യുന്നത്. ഇത് കേവലം രാഷ്ട്രീയമായ പ്രശ്നമല്ല, മറിച്ച് സാങ്കേതികവും സുരക്ഷാപരവുമായ വലിയ കടമ്പയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ഇറാന്റെ യുറേനിയം ശേഖരത്തിന്റെ വലിയൊരു ഭാഗം ഇസ്ഫഹാൻ, നടാൻസ് തുടങ്ങിയ കേന്ദ്രങ്ങളിലാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഈ രണ്ട് കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് യുറേനിയം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം ദുഷ്കരമാക്കി.