പത്തനാപുരത്ത് വോട്ട് കച്ചവടം; യുഡിഎഫ്-ബിജെപി ഡീൽ ആരോപണവുമായി ഗണേഷ് കുമാർ
പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.
ബിജെപി വോട്ടുകൾ വ്യാപകമായി യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചുനൽകിയെന്നും, ഇതിനായി എൻഡിഎ മുന്നണിയിൽ ട്വന്റി-20 പാർട്ടിയെയാണ് കരുവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻകാല തെരഞ്ഞെടുപ്പുകളിലെ കൃത്യമായ കണക്കുകൾ നിരത്തിയാണ് ഗണേഷ് കുമാർ തന്റെ വാദങ്ങൾ സമർത്ഥിച്ചത്.
പത്തനാപുരത്തെ വോട്ട് ഷെയറിലുണ്ടായ അസ്വാഭാവികമായ കുറവാണ് ഗണേഷ് കുമാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. എന്നാൽ 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 23,000-ഓളം വോട്ടുകൾ സമാഹരിച്ച ബിജെപിക്ക് ഇത്തവണ ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്. മണ്ഡലത്തിൽ സ്വാധീനമില്ലാത്ത ട്വന്റി-20 പാർട്ടിയെ ചക്ക ചിഹ്നത്തിൽ മത്സരിപ്പിച്ചത് ഈ വോട്ട് മറിക്കൽ ഡീലിന്റെ ഭാഗമാണെന്നും, ബിജെപി ജയിച്ച വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.