പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിൽ രൂക്ഷവിമർശനം; ശൈലി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തുമെന്ന് മുന്നറിയിപ്പ്

പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിൽ രൂക്ഷവിമർശനം; ശൈലി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തുമെന്ന് മുന്നറിയിപ്പ്

പ്രസിദ്ധീകരിച്ചത്: 16 May, 2026
ഷെയർ ചെയ്യുക:

കണ്ണൂർ, പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമർശനം.

മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രവർത്തന ശൈലി ജനങ്ങൾക്ക് ദഹിക്കുന്നതായിരുന്നില്ലെന്നും ഇതാണ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതെന്നും യോഗങ്ങളിൽ കുറ്റപ്പെടുത്തലുണ്ടായി. നേതൃത്വം സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നതിന്റെ തെളിവാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടി നേരിട്ട പരാജയമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ ജനങ്ങളെ അകറ്റാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നും വിലയിരുത്തലുണ്ടായി.

 

കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകളും യോഗത്തിൽ ചർച്ചയായി. പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പാർട്ടി ചെറുതായി കണ്ടുവെന്നും മണ്ഡലങ്ങളിലെ അടിയൊഴുക്കുകൾ കണ്ടെത്താൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും അണികൾക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഭരണവിരുദ്ധ വികാരത്തേക്കാൾ ഉപരിയായി, പാർട്ടി നേതൃത്വത്തിന്റെ ധാർഷ്ട്യം നിറഞ്ഞ ശൈലിയാണ് ജനങ്ങൾ ബാലറ്റിലൂടെ തിരുത്തിച്ചതെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ ആകെ വിലയിരുത്തൽ.