'പിണറായിയെ പ്രതിപക്ഷ നേതാവാക്കേണ്ട': സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം
സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും സിപിഎമ്മില്‍ വിമര്‍ശനം. ഭരണം പോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തിട്ടില്ലെന്നും ഒരുപക്ഷം ആരോപിച്ചു.ഒരിക്കല്‍ പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാനാണ്. വീണ്ടും ഇളവുകള്‍ നല്‍കി പ്രതിപക്ഷ നേതാവാക്കുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും വാദം ഉയര്‍ന്നു. അവരുടെ പ്രവര്‍ത്തനശൈലി ജനങ്ങളെ അകറ്റി. കാര്യമായ തിരുത്തലുകള്‍ വേണം. പാര്‍ട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ശ്രമിച്ചതെന്നും വിമര്‍ശനമുണ്ടായി.
സംസ്ഥാന കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെയെന്ന നിര്‍ദേശം കേരള നേതൃത്വം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വച്ചിരുന്നു. പിബിയുടെ അംഗീകാരത്തോടെയാണ് ഇന്നലെ അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം അവതരിപ്പിച്ചത്. തലമുറമാറ്റം എന്ന നിലയ്ക്ക് പുതിയൊരു നേതാവിനെ നിയോഗിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയില്‍ ചിലര്‍ ഉയര്‍ത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല.