മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണ?; സണ്ണി ജോസഫിന് റവന്യൂ വകുപ്പ്, എ പി അനിൽകുമാറിന് ടൂറിസം
വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും അന്തിമ ചിത്രം ഇന്ന് വ്യക്തമാകും. മന്ത്രിമാരുടെ അന്തിമ പട്ടിക ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവർണർക്ക് കൈമാറാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. യുഡിഎഫ് നേതൃത്വത്തിന്റെ നിർണായക ചർച്ചകൾ ഇന്നും തുടരും.
മുഖ്യമന്ത്രി വി ഡി സതീശൻ ധനകാര്യ വകുപ്പിനൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സൂചന. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരവും വിജിലൻസ് വകുപ്പും അദ്ദേഹത്തിന് നൽകാനാണ് ധാരണയായതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
മന്ത്രിസ്ഥാനം സംബന്ധിച്ച് സംതൃപ്തനാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രമേശ് ചെന്നിത്തല തലയാട്ടി മറുപടി നൽകുകയായിരുന്നു. കോൺഗ്രസിലെ മറ്റ് പ്രമുഖർക്കുള്ള വകുപ്പുകളിലും ധാരണയായതായാണ് വിവരം. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കുമെന്നാണ് സൂചന. കെ മുരളീധരനെ ആരോഗ്യ വകുപ്പ് ഏൽപ്പിക്കാനാണ് ആലോചന. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹിക നീതി വകുപ്പ് നൽകാനും നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.